അഫ്ഗാനിസ്താനില്‍ ഡ്രോണ്‍ ആക്രമണം; നാല് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താന്‍: അഫ്ഗാനിസ്താനില്‍ വിദേശസേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നിരവധി അക്രമങ്ങള്‍ നയിച്ച മുല്ല ബാരി ജാനുള്‍പ്പെടെ നാല് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്താനിലെ ഫറാഹ് പ്രവിശ്യയിലെ വിവിധ ഇടങ്ങളിലാണ് പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് സംയുക്തസേന ആക്രമണം നടത്തിയത്. എന്നാല്‍, സംഭവം താലിബാന്‍ സ്ഥിരീകരിച്ചിട്ടില്ല.

തീവ്രവാദികളായ മുല്ല ഹന്‍സല, മുല്ല മുഖ് ലിസ്, മുല്ല അബ്ദുല്‍ സലാം എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഫറാഹ് ഗവര്‍ണര്‍ അബ്ദുല്‍ ബാസിര്‍ സാലന്‍ഗി വ്യക്തമാക്കി. മൂന്നു വ്യത്യസ്ത ഡ്രോണ്‍ ആക്രമണത്തില്‍ ഈയാഴ്ച ഇതുവരെ 30 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.