സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ മുൻകരുതൽ നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അറബിക്കടലിൽ നാളെ രൂപം കൊളളുന്ന ന്യൂനമർദ്ദം ശക്തമായി, വടക്കുപടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഉടൻ മടങ്ങിയെത്തെണമെന്നും ഇനിയോരു അറിയിപ്പുണ്ടാകുന്നത് വരെ കടലിൽ പോകരുതെന്നുമാണ് നിർദ്ദേശം. ജില്ലാ ഭരണകൂടങ്ങൾ തീരദേശങ്ങളിൽ പ്രത്യേക നീരീക്ഷണവും തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞദിവസത്തെ കനത്തമഴയും ജാഗ്രത നിർദ്ദേശവും കണക്കിലെടുത്ത് വിവിധ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്. ഏതാനും ഡാമുകൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. മറ്റു ഡാമുകൾ തുറക്കാൻ സജ്‌ജമാണെന്ന് കെഎസ്ഇബി അറിയിച്ചു. പ്രളയ സമയത്ത് അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ടിവന്നപ്പോൾ ഉണ്ടായ വെളളക്കെട്ടും നാശനഷ്ടങ്ങളും ആവർത്തിക്കാതിരിക്കാനാണ് ഡാമുകളിലെ ജലനിരപ്പ് കുറയ്ക്കുന്നത്. പ്രളയ സാധ്യത മുൻനിര്‍ത്തി മാട്ടുപ്പെട്ടി ഡാമിന്‍റെ രണ്ട് ഷട്ടറുകൾ തുറന്നു. മുതിരപ്പുഴയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. തൃശ്ശൂർ, പാലക്കാട് ജില്ലകളിലെയും വിവിധ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു.