സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിശക്തമായ സാഹചര്യത്തില്‍ ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌ കുര്യന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തനം തുടങ്ങി.

ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ഒമാന്‍ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കെഎസ്‌ഇബി 13 ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഇന്നത്തെ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും ഷട്ടര്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കെഎസ്‌ഇബി അറിയിച്ചു.

ലുബ്നു ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദം അറബിക്കടലില്‍ ലക്ഷദ്വീപിനരികിലൂടെ ഒമാന്‍ തീരത്തേക്ക് നീങ്ങുകയാണെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്ത് നേടി തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് 960 കി.മീ വടക്ക് പടിഞ്ഞാറും, ഒമാനിലെ സലാലയ്ക്ക് 1336 കിമീ കിഴക്കുമായാണ് ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഉള്ളത്.

തിങ്കളാഴ്ച്ച രാവിലെ എട്ട് മണിയോടെ ഇത് അതിതീവ്രന്യൂനമര്‍ദ്ദമായും ചുഴലിക്കാറ്റായും മാറും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 70 കിമീയ്ക്ക് മുകളിലായാല്‍ ന്യൂനമര്‍ദ്ദത്തെ ചുഴലിക്കാറ്റായി കേന്ദ്രകാലാവസ്ഥാ നിരീക്ഷവിഭാഗം പ്രഖ്യാപിക്കും.

© 2024 Live Kerala News. All Rights Reserved.