ചില സ്ത്രീകളെ കൈകള്‍ മരത്തില്‍ ബന്ധിച്ച നിലയില്‍ കെട്ടിയിടും. പിന്നീട് ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കും. മറ്റ് ചിലരെ കെട്ടിയിടാന്‍ ഉപയോഗിക്കപ്പെട്ടത് അവരുടെ നീണ്ട മുടിയിഴകള്‍ തന്നെയായിരുന്നു. അതിന് ശേഷമായിരുന്നു മര്‍ദ്ദനവും ക്രൂരമായ ബലാത്സംഗങ്ങളും. വീടുകള്‍ തീ കൊളുത്തും അതില്‍ നിന്നും ഇറങ്ങിയോടുന്ന കുട്ടികളെ അവിടേയ്ക്ക് തന്നെ തിരിച്ചോടിച്ച് കയറ്റി കത്തിച്ചു കൊല്ലും.’
മ്യാന്‍മറില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മേല്‍ മ്യാന്മര് സൈന്യം നടത്തിയ ക്രൂരതകളെക്കുറിച്ച് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. ആയുധങ്ങള്‍ക്ക് പുറമെ, മുളയും സിഗരറ്റ് കുറ്റികളും വരെ ആക്രമണത്തിന് ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മാത്രം 10,000 ത്തിലധികം റോഹിംഗ്യക്കാര്‍ സൈനിക ആക്രമത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. 400 പേജുകള്‍ വരുന്ന റിപ്പോര്‍ട്ടാണ് യുഎന്നിന് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടത്. യു എന്‍ റിപ്പോര്‍ട്ട് തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് മ്യാന്‍മാര്‍ തള്ളികളയുന്നുണ്ട്.
സൈനികത്തലവന്‍ മിന്‍ ഓംഗ് ഹ്ലെയിംങ് ഉള്‍പ്പെടെയുള്ളവരെ വംശഹത്യക്കും, മനുഷ്യകുലത്തിനെതിരായ യുദ്ധത്തിന്റെ പേരിലും വിചാരണ ചെയ്യണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. റോഹിങ്ക്യകള്‍ അധിവസിച്ചിരുന്ന 400 ഓളം ഗ്രാമങ്ങള്‍ പൂര്‍ണമായും നശിപ്പിക്കപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. 15 മാസത്തെ തെളിവെടുപ്പിന് ശേഷമാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍ക്കാര്‍ യു എന്‍ സംഘവുമായി സഹകരിക്കാന്‍ തയ്യാറായില്ലെങ്കിലും 857 സാക്ഷികളുമായി സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.