റോഹിങ്ക്യൻ ക്യാമ്പിൽ അ​ഗ്നിബാധ, വീടുകൾ നഷ്ടപ്പെട്ട് അഭ‌യാർഥികൾ

ധാക്ക: ബം​ഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പിൽ വൻ തീപിടിത്തം. നിരവധി വീടുകൾ കത്തി നശിക്കുകയും ആയിരങ്ങൾ തെരുവിലാകുകയും ചെയ്തു. പ്രദേശം കറുത്ത പുകപടലങ്ങളാൽ മൂടി‌യിരിക്കുകയാണ്. അതിർത്തി ജില്ലയായ കോക്സിലെ ബസാറിലെ ക്യാമ്പ് 11-ലാണ് തീപിടുത്തമുണ്ടായത്. നാശനഷ്ടങ്ങളുടെ റിപ്പോർട്ട് ഇതുനരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ആളപായത്തെക്കുറിച്ച് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കോക്‌സ് ബസാറിലെ അഡീഷണൽ പോലീസ് സൂപ്രണ്ട് റഫീഖുൽ ഇസ്‌ലാം റോയിട്ടേഴ്‌സിനോട് പറഞ്ഞു.

അതേസമയം, തീ നിയന്ത്രണവിധേയമായെന്ന് ഫയർഫോഴ്‌സ് വ്യക്തമാക്കി. അഭയാർത്ഥി ദുരിതാശ്വാസ വകുപ്പുകളിൽ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥൻ ഫാറൂഖ് അഹമ്മദ് പറഞ്ഞു. തകർന്ന വീടുകളുടെ കണക്ക് പൊലീസ് ഉദ്യോഗസ്ഥരും നൽകിയിട്ടില്ല.

കോക്‌സ് ബസാറിലെ അഭയാർത്ഥി ക്യാമ്പുകളിൽ നേരത്തെയും തീപിടുത്തമുണ്ടായിരുന്നു. 2021 മാർച്ചിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 15 അഭയാർത്ഥികൾ കൊല്ലപ്പെടുകയും പതിനായിരത്തിലധികം വീടുകൾ നശിക്കുകയും ചെയ്തു. 2017 ൽ മ്യാൻമറിൽ സൈന്യത്തിന്റെ അടിച്ചമർത്തലിൽ നിന്ന് പലായനം ചെയ്ത് ബം​ഗ്ലാദേശിലെത്തിയവരാണ്. പലരു‌ടെയും ജീവിതം നരകതുല്യമാണ്.

© 2024 Live Kerala News. All Rights Reserved.