കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തുമണിക്ക് തൃപ്പുണ്ണിത്തുറയിലെ പൊലീസിന്‍റെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ വച്ചാകും മൊഴിയെടുപ്പ്. ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് ഇത് തടസ്സമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.
ഇന്നലെ രാത്രി ഐജി വിജയ് സാക്കറേയും കോട്ടയം എസ്.പി വിജയ് ശങ്കറും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയിലേക്ക് മാറ്റാന്‍ ധാരണയായത് നേരത്തെ വൈക്കം ഡിവൈഎസ്പിയുടെ ഓഫീസിലോ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലോ വച്ചു ബിഷപ്പിനെ ചോദ്യം ചെയ്യാനായിരുന്നു പോലീസിന്റെ പദ്ധതി. എന്നാൽ സുരക്ഷ ഒരുക്കാനുള്ള സൗകര്യം കണക്കിലെടുത്താണ് ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറ പൊലീസ് ക്ലബിലേക്ക് മാറ്റിയത്.
അതേസമയം, ബിഷപ്പ് ഫ്രാങ്കോയെ അറസ്‌റ്റ് ചെയ്യുന്നതിന് തടസമില്ലെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി എന്നത് അറസ്റ്റിന് തടസമല്ല. ചോദ്യംചെയ്യലിന്‍റെയും തെളിവിന്‍റെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് തീരുമാനിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണനയില്‍ ഇരിക്കെത്തന്നെ ആവശ്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്താമെന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുണ്ട്. ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനം അന്വേഷണ ഉദ്യോഗസ്ഥന് കൈക്കൊള്ളാം. എന്നാല്‍ കത്തോലിക്കാ സഭയുടെ ബിഷപ്പിനെ പോലുള്ള ഉന്നതനെ അറസ്‌റ്റ് ചെയ്യുന്നതിന് സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും അനുമതി ആവശ്യമാണ്.