ഇന്തോനേഷ്യന്‍ ഫെറി അപകടത്തില്‍ 180 പേരെ കാണാതായി

സുമാത്ര: ഇന്തോനേഷ്യയില്‍ തിങ്കളാഴ്ച കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ 180 പേരെ കാണാതായി. തോബ തടാകത്തിലാണ് അപകടമുണ്ടായത്. ആദ്യം 130 പേരെ കാണാതായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ബോട്ടില്‍ കയറാവുന്നതിനേക്കാളും മൂന്ന് മടങ്ങ് യാത്രക്കാര്‍ കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് എത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തില്‍പെട്ടത്. സുമാത്ര ദ്വീപിലെ അഗ്‌നിപര്‍വത മേഖലയിലുള്ള തടാകമാണ് തോബ.
വര്‍ഷം തോറും ഇവിടെ വന്‍തോതില്‍ വിനോദ സഞ്ചാരികള്‍ എത്താറുണ്ട്. അപകടം നടന്ന ഉടനെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ 18 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു.