എസ്എന്‍ഡിപി ബിജെപി സഖ്യം: വെള്ളാപ്പള്ളിയും അമിത് ഷായും കൂടിക്കാഴ്ച നടത്തും

316619-amit-shah2472

ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ ഇന്നു കൂടിക്കാഴ്ച നടത്തും. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുക്കും. ബിജെപി ആസ്ഥാനത്ത് രാവിലെ 11 മണിക്കായിരിക്കും കൂടിക്കാഴ്ചയെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതിനും വെള്ളാപ്പള്ളി സമയം ചോദിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണം നിലനില്‍ക്കുന്നതിനാല്‍ അതിനുള്ള സാധ്യത കുറവാണ്.

കേരളത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു യോഗ്യരായ സ്ഥാനാര്‍ഥികളെ നല്‍കാനും പിന്തുണയ്ക്കാനും തയാറാണെന്ന് വെള്ളാപ്പള്ളി നടേശന്‍ മനോരമയോട് വ്യക്തമാക്കിയിരുന്നു. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും കേരള കോണ്‍ഗ്രസും വരെ സ്ഥാനാര്‍ഥികളെ തേടി എസ്എന്‍ഡിപിയെ സമീപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ ഇത്രകാലം പലരെയും സഹായിച്ചെങ്കിലും സമുദായത്തിനു പ്രത്യുപകാരമൊന്നുമുണ്ടായിട്ടില്ലെന്നാണ് എസ്എന്‍ഡിപിയുടെ നിലപാട്.

കേരളത്തില്‍ എസ്എന്‍ഡിപി നേതൃത്വവുമായി രാഷ്ട്രീയ ധാരണയുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. എസ്എന്‍ഡിപിയില്‍ നിന്നു നേതാക്കളെ ഉള്‍ക്കൊള്ളാനാണു ബിജെപിക്കു താല്‍പര്യമെങ്കിലും എസ്എന്‍ഡിപിയുമായി ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സഖ്യമുണ്ടാക്കാനും ബിജെപി തയാറാണ്. കേരളത്തില്‍ എസ്എന്‍ഡിപി, ബിജെപി രാഷ്ട്രീയ ധാരണയ്ക്കായി ആര്‍എസ്എസ്,വിഎച്ച്പി നേതൃത്വവും ചരടുവലികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.