ഐപിസിയും സിആര്‍പിസിയും ഇനി ഇല്ല, പുതിയ ക്രിമിനൽ നിയമ ബില്ലുകള്‍ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: കൊളോണിയല്‍ക്കാലത്തെ നിയമങ്ങൾക്കു പകരമായി പാർലമെന്റ് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾക്ക് രാഷ്ട്രപതിയുടെ അംഗീകാരം. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകൾക്കാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചതോടെ അം​ഗീകരമായത്. ഇതോടെ ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കുപകരമായി ഭാരതീയ ന്യായ് സംഹിത 2023, ഭാരതീയ നാഗരിക് സുരക്ഷ 2023, ഭാരതീയ സാക്ഷ്യ ബിൽ 2023 എന്നീ ബില്ലുകളാണു നിയമമായത്.

കൊളോണിയല്‍ കാലഘട്ടത്തെ ക്രിമിനല്‍ നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പൊളിച്ചെഴുത്തെന്ന് കേന്ദ്രം അവകാശപ്പെട്ടിരുന്നു.  ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ആദ്യ ബില്ലുകള്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബര്‍ പത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ ഡിസംബര്‍ 11-ന് ബില്ലുകള്‍ പിന്‍വലിച്ചു.

© 2024 Live Kerala News. All Rights Reserved.