കെവിന്റെ കൊലപാതകത്തിൽ ഗാന്ധിനഗര്‍ എസ്‌ഐയും എഎസ്‌ഐയും പ്രതികളാകും; പൊലീസിന് നേരിട്ട് പങ്കെന്ന് ഐജിയുടെ റിപ്പോര്‍ട്ട്

കെവിന്റെ കൊലപാതകത്തിൽ പൊലീസിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന കൊച്ചി റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ട് പുറത്ത്. കൊലപാതകക്കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐയും എഎസ്‌ഐയും പ്രതികളാകും. തട്ടിക്കൊണ്ട് പോകല്‍ നടന്നത് പോലീസിന്റെ അറിവോടെയാണെന്നും ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ബിജുവിന് തട്ടിക്കൊണ്ട്‌പോകലിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികളുമായി എഎസ്‌ഐ രണ്ട് തവണ സംസാരിച്ചു. എസ്‌ഐ ഷിബു വിവരം അറിഞ്ഞത് തട്ടിക്കൊണ്ടുപോകലിന് ശേഷമാ ണെന്നും പൊലീസ് ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കി കൊച്ചി റേഞ്ച് ഐജിയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലീസുദ്യോഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തേക്കുമെന്നാണ് വിവരം.

കുറ്റകൃത്യത്തില്‍ പോലീസ് നേരിട്ട് പങ്കാളിയായി എന്ന് തെളിയിക്കുന്ന വിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഇതിന്മേല്‍ സത്വര നടപടിക്ക് ഉടന്‍ ശുപാര്‍ശ ചെയ്യും.