കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് സ്ഥിരീകരിക്കുന്ന രാസപരിശോധനാ ഫലം

തിരുവനന്തപുരം: കെവിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്ന രാസപരിശോധനാ ഫലം. ചാലിയേക്കരയാറ്റിലെ വെള്ളം തന്നെയാണ് ശരീരത്തിലുണ്ടായിരുന്നതെന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

മര്‍ദ്ദനമേറ്റ നിരവധി പാടുകള്‍ ഉണ്ടെങ്കിലും മരണകാരണമാംവിധം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടില്ല. എന്നാല്‍ പുരികത്തിന് മുകളില്‍ അടിയേറ്റ രണ്ട് പാടുകളുണ്ട്. രക്ത സാമ്പിളില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തിയിട്ടുണ്ട്. കെവിന്‍ വെള്ളം ചോദിച്ചപ്പോള്‍ അക്രമികള്‍ മദ്യം നല്‍കിയെന്ന ബന്ധുവിന്റെ മൊഴി ശരിവെക്കുന്നതാണ് പരിശോധനയില്‍ വ്യക്തമാകുന്നത്.

കെവിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം ഓടിച്ച് പുഴയില്‍ വീഴ്ത്തിയെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി അന്വേഷണം മുന്നോട്ടുപോകുകയാണ്. പോലീസിന്‍റെ നിഗമനങ്ങളെ ശരിവെക്കുന്നതാണ് ഫോറന്‍സിക് പരിശോധനാഫലം.