സിപിഎം രാഷ്ട്രീയപ്രമേയത്തിൽ നിർണായക തീരുമാനം ഇന്ന്; വോട്ടെടുപ്പിന് സാധ്യത

സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് കരട് രാഷ്ട്രീയ പ്രമേയം സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം ഇന്ന്. പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അവതരിപ്പിച്ച രണ്ട് അടവുനയങ്ങളില്‍ ഏതു വേണമെന്ന് ഇന്ന് ഉച്ചയ്ക്ക് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കും. രാഷ്ട്രീയ പ്രമേയത്തിന് മേല്‍ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് വേണം എന്ന് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ സംസ്ഥാന ഘടകങ്ങൾ യെച്ചൂരിയെ പിന്തുണച്ചെങ്കിലും പ്രതിനിധികൾക്കിടയിലെ മേൽക്കൈ പ്രകാശ് കാരാട്ടിന് തന്നെയാണ്.
ബിജെപിയെ പരാജയപ്പെടുത്താനായി കോണ്‍ഗ്രസുമായി ധാരണയോ തെരഞ്ഞെടുപ്പു സഖ്യമോ പാടില്ലെന്ന രാഷ്ട്രീയപ്രമേയത്തിലെ വാക്കുകളാണു സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബല പരീക്ഷണത്തിന് വഴി വെക്കുന്നത്.

കരടു രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഉച്ചയോടെ പുർത്തിയാവും. പിന്നീട് മറുപടി തയ്യാറാക്കാൻ സ്റ്റിയറിംഗ് കമ്മിറ്റിയായി പ്രവർത്തിക്കുന്ന പോളിറ്റ് ബ്യൂറോ ചേരും. പ്രകാശ് കാരാട്ടിൻറെ മറുപടിക്കു ശേഷം സീതാറാം യെച്ചൂരിയും മറുപടി പറയാനുള്ള അവസരം വേണമെന്ന് സ്ററിയറിംഗ് കമ്മിറ്റിയിൽ ആവശ്യപ്പെടും. കരടിൽ ഒരു മാറ്റവുമില്ല എന്നതാണ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനമെങ്കിൽ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങും.

കരട് രാഷ്ട്രീയ പ്രമേയത്തിന് മേല്‍ വോട്ടെടുപ്പിനുള്ള സാധ്യത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ സൂചിപ്പിച്ചിരുന്നു. പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏതൊരംഗത്തിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രേഖയില്‍ ഭേദഗതി കൊണ്ട് വരാം. ഭേദഗതിയില്‍ വോട്ടെടുപ്പ് വേണം എന്ന് ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കാറാണ് പതിവ്.

വോട്ടെടുപ്പ് എങ്ങനെ വേണം എന്നതിലും പാർട്ടിയിൽ തർക്കം പ്രകടമാണ്. രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണം എന്ന് അഞ്ച് സംസ്ഥാന ഘടകങ്ങൾ ഇന്നലെ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. പാർട്ടി ഭരണഘടനയിലെ പതിനാലാം വകുപ്പ് പ്രകാരം കേന്ദ്ര കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ തർക്കം വന്നാൽ രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണം എന്നാണ് ചട്ടം. കേന്ദ്രകമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ചട്ടം മാത്രമാണിതെന്ന് കാരാട്ട് പക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നാൽ എല്ലാ വോട്ടെടുപ്പിനും ഇത് ബാധകമാക്കാം എന്ന വാദം എതിർപക്ഷം ഉന്നയിക്കും.

കൈ ഉയർത്തിയാണ് വോട്ടെടുപ്പെങ്കിൽ ഓരോ വശത്തും ഇരിക്കുന്നവരെ ബ്ളോക്കുകളായി തിരിച്ച് നിലപാട് പ്രകടിപ്പിക്കാൻ ആവശ്യപ്പെടും. ഇതിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ നേതൃത്വം ശ്രമിക്കണം എന്ന നിലപാട് കേരളത്തിലെ അംഗങ്ങളും പങ്കു വയക്കുന്നുണ്ട്. വോട്ടെടുപ്പ് നടക്കുകയും ഫലം എതിരാവുകയും ചെയ്താൽ സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയേക്കും.

ഇന്നലെ ചർച്ചയിൽ ഒന്‍പത് സംസ്ഥാന ഘടകങ്ങൾ യെച്ചൂരിയേയും എട്ട് ഘടകങ്ങൾ കാരാട്ടിനേയും പിന്തുണച്ചു. ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച 33 പേരില്‍ കാരാട്ട് പക്ഷത്തിനാണു മേല്‍ക്കൈ. എന്നാല്‍ തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഒഡീഷ, ഗുജറാത്ത്, യുപി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളുടെ പിന്തുണ യെച്ചൂരിക്ക് ലഭിച്ചു. കേരളം കാരാട്ടിന് ഒപ്പം ഉറച്ച് നില്‍ക്കുമ്പോള്‍, ബംഗാളില്‍ യെച്ചൂരിക്കുള്ള പിന്തുണയില്‍ ഭിന്നത ഉണ്ട്.

© 2024 Live Kerala News. All Rights Reserved.