തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമണം നടന്ന് അമ്പത് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാതെ പോലീസ്. ലോക്കല്‍ പോലീസ് അന്വേഷിച്ച് യാതൊരു വിവരവും കിട്ടാതെ വന്നപ്പോള്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. എന്നാല്‍ ഇതുവരെ കേസില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ജൂണ്‍ 30ന് അര്‍ധരാത്രിയാണ് എകെജി സെന്ററിലേക്ക് അക്രമി സ്‌ഫോടകവസ്തു എറിഞ്ഞത്. സ്‌കൂട്ടറിലെത്തിയ ഒരാളാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും ഇപ്പോഴും പ്രതി കാണാമറയത്ത് തുടരുകയാണ്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായിട്ടും പ്രതികളെ പിടിക്കാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നതിനെതിരെ വന്‍ വിമര്‍ശനമാണ് ഇപ്പോഴും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
സിപിഎം നേതാക്കള്‍ പോലീസിനെ പരമാവധി ന്യായീകരിക്കുന്നുണ്ടെങ്കിലും വിമര്‍ശനത്തിന് കുറവ് വന്നിട്ടില്ല. കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് ചില നേതാക്കള്‍ ആദ്യം രംഗത്തുവന്നെങ്കിലും അവര്‍ ഇപ്പോള്‍ പ്രതിയെ കിട്ടാതെ വലയുന്ന പോലീസിനെ ന്യായീകരിക്കുന്ന തിരക്കിലാണ്.