കോഴിക്കോട്: ബാലുശേരിയിൽ സിപിഎം പ്രവർത്തകന് ക്രൂരമർദ്ദനം. ജിഷ്ണുരാജിന് നേരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. എസ്ഡിപിഐയുടെ ഫ്ളക്സ് ബോർഡ് കീറിയെന്ന് ആരോപിച്ചാണ് മർദിച്ചതെന്നും സംഭവത്തിന് പിന്നിൽ എസ്ഡിപിഐ-മുസ്ലീം ലീഗ് പ്രവർത്തകരാണെന്നും ജിഷ്ണുരാജ് ആരോപിച്ചു.ബുധനാഴ്ച പുലർച്ചെ ഒന്നിനാണ് ജിഷ്ണുവിനെ ഒരുസംഘം ആളുകൾ തടഞ്ഞുനിർത്തി മർദിച്ചത്. വടിവാളുമായി ജിഷ്ണു ആക്രമിക്കാനെത്തിയെന്നും ഫ്ളക്സ് ബോർഡ് കീറിയെന്നുമാണ് ഇവരുടെ ആരോപണം. ജിഷ്ണുവിനെ മർദിച്ചശേഷം പരസ്യവിചാരണ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം കൈയിലുള്ള വടിവാൾ ആക്രമിക്കാൻ എത്തിയവർ തന്റെ കൈയിൽ പിടിപ്പിച്ചതാണെന്നാണ് ജിഷ്ണുരാജിന്റെ മൊഴി. സുഹൃത്തിന്റെ ബർത്ത് ഡേ പാർട്ടി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്പോൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുപ്പതോളം പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്നും യുവാവ് മൊഴി നൽകിയിട്ടുണ്ട്.പുലർച്ചെ മൂന്നിനാണ് പോലീസ് സ്ഥലത്തെത്തി ജിഷ്ണുരാജിനെ കസ്റ്റഡിയിലെടുത്തത്. വടിവാളും പിടിച്ചെടുത്തിട്ടുണ്ട്. ജിഷ്ണുവിനെ മർദിച്ച പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. കണ്ണിനും മുഖത്തിനും പരിക്കേറ്റ ജിഷ്ണുരാജ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.