കേന്ദ്രത്തിന്റെ പുതിയ ഹജ്ജ് നയം:കേരളം നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തിനെതിരെ കേരളാ ഹജ്ജ് കമ്മിറ്റി നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അഞ്ചുതവണ അപേക്ഷിച്ചിട്ടും ഹജ്ജിന് പോകാന്‍ അവസരം ലഭിക്കാത്ത 65വയസിനും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പ്രത്യേക പരിഗണ നല്‍കാന്‍ ആകില്ലെന്ന് കാട്ടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം കോടതിയുടെ പരിഗണനയ്ക്ക് എത്തും.

നാല് തവണ ഹജ്ജിന് പോകാന്‍ അപേക്ഷിക്കുകയും എന്നാല്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്യുന്നവര്‍ അഞ്ചാം തവണ അപേക്ഷിക്കുമ്പോള്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇളവ് അനുവദിക്കണമെന്ന് കേരള ഹജ്ജ് കമ്മിറ്റി സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

പഴയ ഹജ്ജ് നയപ്രകാരം അറുപത്തി അഞ്ചിനും എഴുപതിനും ഇടയില്‍ പ്രായം ഉള്ളവര്‍ അഞ്ചാം തവണ അപേക്ഷിക്കുമ്പോള്‍ മുന്‍ഗണന നല്‍കിയിരുന്നു. ഈ വ്യവസ്ഥ പുനഃസ്ഥാപിക്കണം എന്ന കേരളഹജ്ജ് കമ്മിറ്റിയുടെ ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞിരുന്നു.

എന്നാല്‍ പ്രത്യേക പരിഗണന നല്‍കുന്നത് കേരളം ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് മാത്രമേ ഗുണകരമാകും എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പരിഗണന ലഭിക്കണമെന്നാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

© 2024 Live Kerala News. All Rights Reserved.