മാലദ്വീപ് പ്രതിസന്ധി:രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ് കോടതി റദ്ദാക്കി

രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ് മാലദ്വീപ് സുപ്രീം കോടതി റദ്ദാക്കി. രാജ്യത്തെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ഇന്ത്യയോട് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ് പരമോന്നതകോടതി റദ്ദാക്കിയത്. ചൊവ്വാഴ്ച രാത്രിയാണ് പുതിയ ഉത്തരവ് ഉണ്ടായത്.

പ്രസിഡന്റ് അബ്ദുള്ള യമീന്‍ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ തടവിലാക്കുകയും ചെയ്തിരുന്നു. ചൊ വ്വാഴ്ച പുലര്‍ച്ചെ സായുധ ഭടന്മാര്‍ സുപ്രീംകോടതിയില്‍ കടന്ന് ചീഫ് ജസ്റ്റീസ് അബ്ദുള്ള സയീദിനെയും മറ്റൊരു ജഡ്ജി അലി ഹമീദിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്കേസിലാണ് നടപടിയെന്നു പോലീസ് അവകാശപ്പെട്ടു.

സുപ്രീം കോടതിയില്‍ ശേഷിക്കുന്ന മൂന്നു ജഡ്ജിമാരാണ് ഒമ്പത് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കിയത്.

മുന്‍ പ്രസിഡന്റ് നഷീദ് അടക്കമുള്ള രാഷ്ട്രീത്തടവുകാരെ മോചിപ്പിക്കാനും കൂറുമാറ്റത്തിന് അയോഗ്യത കല്പിക്കപ്പെട്ട 12 എംപിമാര്‍ക്ക് പാര്‍ലമെന്റ് അംഗത്വം തിരിച്ചുകൊടുക്കാനും സുപ്രീംകോടതി കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിട്ടതോടെയാണ് മാലദ്വീപില്‍ രാഷ്ട്രീയപ്രതിസന്ധി ഉടലെടുത്തത്.

രണ്ടു കാര്യങ്ങളും നടപ്പാക്കാന്‍ പ്രസിഡന്റ് യാമീന്‍ തയാറല്ല. വിധി നടപ്പാക്കിയാല്‍ പ്രവാസിയായി കഴിയുന്ന മുന്‍ പ്രസിഡന്റ് നഷീദിന് രാജ്യത്തു മടങ്ങിയെത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകും. അംഗത്വം തിരിച്ചുകിട്ടിയ 12 പേര്‍കൂടി പാര്‍ലമെന്റിലെത്തിയാല്‍ യാമീന്റെ പാര്‍ട്ടി ന്യൂനപക്ഷവുമാകും.

ഇതെല്ലാം തടയാനാണ് യാമീന്റെ ശ്രമം. തിങ്കളാഴ്ച ആരംഭിക്കേണ്ട പാര്‍ലമെന്റ് സമ്മേളനം ആദ്യം അദ്ദേഹം റദ്ദാക്കിയിരുന്നു. പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും ചീഫ് ജസ്റ്റീസിനെ തടവിലാക്കിയതും.