അടിയന്തരാവസ്ഥ തുടരുന്ന മാലദ്വീപില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അറസ്റ്റില്‍

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മാലദ്വീപില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹം ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാരും കോടതിയും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെയണ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യമിന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. അടിയന്തരാവസ്ഥയേര്‍പ്പെടുത്തുന്ന വിവരം നിയമവകുപ്പുമന്ത്രി അസിമാ ഷുക്കൂറാണ് ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചത്.

മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയത്തടവുകാരെ വിട്ടയക്കണമെന്ന സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് മാലദ്വീപില്‍ പ്രതിസന്ധി ഉടലെടുത്തത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യമീന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് മൂന്നുകത്തുകള്‍ അയച്ചതിന് തൊട്ടുപിന്നാലെയാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനമെത്തുന്നത്.

അടിയന്തരാവസ്ഥ നിലവില്‍വരുന്നതോടെ സംശയംതോന്നുന്ന ആരെയും അറസ്റ്റുചെയ്യാനും തടവില്‍വയ്ക്കാനുമുള്ള പൂര്‍ണ അധികാരം പൊലീസിനും സൈന്യത്തിനും ലഭിക്കും. ഈ പഴുതുപയോഗിച്ചാണ് അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്തത്.

ഇത് രണ്ടാംതവണയാണ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇതിനുമുന്‍പ് 2015-ല്‍ യമീനുനേരേ വധശ്രമമുണ്ടായപ്പോഴും യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു