തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെയുള്ള അഭിനന്ദനാര്‍ഹമായ ബഡ്ജറ്റാണ് ധനമന്ത്രി ഡോ തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഓഖി ദുരന്തവും, ദുരന്തസമാനമായ രീതിയിലുള്ള നോട്ട് നിരോധനവും, ജിഎസ്ടിയും ഒക്കെ സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയില്‍ പരമാവധി നികുതി വരുമാനം വര്‍ദ്ധിപ്പിക്കാനും, ചെലവു കുറയ്ക്കാനും ലക്ഷ്യമിട്ടാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, വികസന പ്രവര്‍ത്തനങ്ങള്‍ക്കും സവിശേഷമായ ഊന്നല്‍ നല്‍കുന്നു എന്ന നിലയിലും ബഡ്ജറ്റ് ശ്ലാഘനീയം തന്നെയാണ്.
നവകേരളം സൃഷ്ടിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനും, അതിന്റെ അടിസ്ഥാനത്തിലുള്ള ബൃഹത് പദ്ധതികളുടെ സാക്ഷാല്‍ക്കാരത്തിനും ശക്തിപകരുന്നതാണ് ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എല്ലാം തന്നെ. ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2,500 കോടി രൂപ നീക്കി വെച്ചതും, തീരദേശ വികസനത്തിന് 2,000 കോടി വകയിരുത്തിയതും, വിശപ്പ് രഹിത കേരളം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതി വിഭാവന ചെയ്യുന്നതും ഏറെ ശ്രദ്ധേയമാണ്.
50 കോടി നീക്കിവെക്കുക വഴി സ്ത്രീസുരക്ഷയ്ക്ക് പരമ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന പ്രശ്‌നം എന്ന നിലയില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക നല്‍കാനും, സ്ഥാപനത്തെ മൂന്ന് ലാഭകേന്ദ്രങ്ങളാക്കാനുമുള്ള ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എല്ലാവരും അംഗീകരിക്കും എന്നതില്‍ സംശയമില്ല. കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട് പ്രവാസി ക്ഷേമത്തിന് നല്‍കിയിട്ടുള്ള പ്രാധാന്യവും ശ്ലാഘനീയമാണെും വി എസ് പറഞ്ഞു.