പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല ആത്മവിശ്വാസമുണ്ടെന്നും മലമ്പുഴയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. യുഡിഎഫിന്റെ ജനദ്രോഹപരമായ നയങ്ങളോട് ജനങ്ങള്‍ക്ക് വലിയ എതിര്‍പ്പുണ്ട്. വിലക്കയറ്റം, അഴിമതി, സ്ത്രീകളോടുള്ള പെരുമാറ്റം ഇതിനോടെല്ലാമുള്ളതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് യുഡിഎഫിനോടുള്ള പ്രതീക്ഷ അറ്റുപോയിരിക്കുകയാണ്. ഇതിന്റെയെല്ലാം നേട്ടം ഇടതുപക്ഷത്തിനാണ് കിട്ടിയിരിക്കുന്നത്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും വിഎസ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപിക്ക് നേട്ടമാവുമോയെന്നു ചോദിച്ചപ്പോള്‍ ബഡായി അല്ലാതെ മറ്റൊന്നും അദ്ദേഹത്തിന് ബാക്കിയില്ല എന്നായിരുന്നു വിഎസിന്റെ മറുപടി. ‘കുത്തകകളെ നശിപ്പിക്കുന്നതിന് വേണ്ടി മോദി ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. കള്ളപ്പണം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവന്‍ കുത്തകകളുടെയും സ്വത്ത് പിടിച്ചെടുത്തിട്ട് അത് രാജ്യത്തിന്റെ വികസനപ്രവര്‍ത്തനത്തിന് ഉപയോഗിക്കുമെന്ന ബഡായി പ്രസ്താവന അദ്ദേഹം നടത്തി. പിന്നീട് അദ്ദേഹത്തിന്റെ തന്നെ അനുയായികള്‍ തന്നെ പറഞ്ഞു ഈ ലക്ഷപ്രഭുക്കളും കോടിശ്വരന്‍മാരും ശതകോടീശ്വരന്‍മാരും നമ്മളുടെ ഇടയില്‍ തന്നെയുണ്ടെന്ന്. അതിനാല്‍ ഈ പ്രഖ്യാപനവുമായി മുന്നോട്ടു പോകുന്നത് ശരിയില്ലെന്ന് പറഞ്ഞപ്പോള്‍ മോദി അത് വിഴുങ്ങി. അങ്ങനെയുള്ള ആളാണ് മോദി. ബഡായി അല്ലാതെ ഒന്നും അദ്ദേഹത്തിന് ബാക്കിയില്ല’ വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.