സ്വാശ്രയ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റ്; എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം;പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് വിഎസ്

തിരുവനന്തപുരം: സ്വാശ്രയസമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. എംഎല്‍എമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കണം. എംഎല്‍എമാരുടെ നിരാഹാര സമരം അഞ്ചാ ദിവസത്തിലേക്ക് കടന്നിട്ടും സമരക്കാരുമായി ഒരു ഒത്തുതീര്‍പ്പിനും വഴങ്ങാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെയാണ് വിഎസിന്റെ വിമര്‍ശനം. സ്വാശ്രയ ഫീസ് വര്‍ധനക്കെതിരെ നിയമസഭാ കവാടത്തില്‍ യുഡിഎഫ് എം.എല്‍.എമാര്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് വിഎസിന്റെ പ്രതികരണം. സമരത്തിലുള്ള എംഎല്‍എമാരെ കഴിഞ്ഞ ദിവസം വിഎസ് സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യവുമായി വിഎസ് രംഗത്തെത്തിയത്.
അതിനിടെ, നിയമസഭാ കവാടത്തില്‍ എംഎല്‍എമാരുടെ നിരാഹാരസമരം അഞ്ചാം ദിവസവും തുടരുകയാണ്. ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ലീഗ് എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്നും ആബിദ് ഹുസൈന്‍ തങ്ങളും അനുഭാവ സത്യഗ്രഹവും തുടരുന്നുണ്ട്. അനൂപ് ജേക്കബിനെ ആരോഗ്യനില മോശമായതിനേത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അതേസമയം, ഫീസ് കുറച്ചുകൊണ്ടുളള ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

© 2024 Live Kerala News. All Rights Reserved.