കാലിത്തീറ്റ കുംഭകോണം; ലാലുപ്രസാദ് യാദവിന് മൂന്നര വർഷം തടവ്

കാലിത്തീറ്റ കുംഭകോണ കേസിൽ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് മൂന്നര വർഷം തടവ്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. ലാലുവിനൊപ്പം 15 പ്രതികൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. കൂട്ട് പ്രതിയായ ജഗദീഷ് ശർമയ്ക്ക് 7 വര്ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

വിധിക്കിടെ, ലാലുവിനും കൂട്ടർക്കും ജയിലിൽ പശു വളർത്താമെന്ന് ജഡ്ജി പരിഹസിച്ചു. പശുവളർത്തലിൽ മുൻപരിചയം ഉണ്ടല്ലോ എന്നും ജഡ്ജി പറഞ്ഞു. ഇന്നലെ കേസില്‍ വിധിപ്രഖ്യാപനം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും വിധി പ്രഖ്യാപനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കേസില്‍ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ലാലു പ്രസാദ് യാദവുള്‍പ്പടെ 16 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസില്‍ മൊത്തം 34 പ്രതികളാണ് ഉണ്ടായിരുന്നത്.