ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും: അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്ക് ശേഷം KERALA September 16, 2017, 11:26 am

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഉച്ചയ്ക്കു ശേഷം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസില്‍ അറസ്റ്റിലായി 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നടിയുടെ നഗ്ന ചിത്രം പകര്‍ത്താന്‍ ഗൂഢാലോചന നടത്തിയതാണ് തനിക്കെതിരേയുള്ള കുറ്റം. ഇതില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. ബലാത്സംഗ കേസ് തന്റെ പേരില്‍ നിലനില്‍ക്കില്ല. അതിനാല്‍ 90 ദിവസം റിമാന്‍ഡില്‍ കഴിയണമെന്നത് തനിക്ക് ബാധകമാകില്ല. 60 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞതിനാല്‍ ഇനി ജാമ്യം അനുവദിക്കണമെന്നാണ് ദിലീപ് കോടതിയില്‍ നല്‍കിയിരിക്കുന്ന ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നത്.

കേസിന്റെ ഗൗരവം വിലയിരുത്തി വിലയിരുത്തി ഇതിന് മുന്‍പ് ഒരു തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അതേസമയം, ദിലീപിനു അനുകൂലമായി പലകോണുകളില്‍ നിന്നും സഹതാപ തരംഗം സൃഷ്ടിക്കപ്പെടുകയും സിനിമാ മേഖലയിലെ പ്രമുഖര്‍ ദിലിപീനൊപ്പമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ദിലീപിനു ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍.

കേസില്‍ നിര്‍ണായക അറസ്റ്റുകള്‍ ശേഷിക്കുന്നതിനാല്‍ ഇപ്പോള്‍ ദിലീപിന് ജാമ്യം അനുവദിക്കരുത് എന്നായിരിക്കും പ്രോസിക്യൂഷന്‍ കോടതിയില്‍ നിലപാടെടുക്കുക. ദിലീപിന്റെ റിമാന്‍ഡ് കാലാവധിയും ഇന്ന് അവസാനിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനായിരിക്കും അന്വേഷണ സംഘത്തിന്റെ ശ്രമം.

© 2022 Live Kerala News. All Rights Reserved.