കണ്ടുകെട്ടിയ കഞ്ചാവ് എലികള്‍ കൊണ്ടുപോയെന്ന് ജാര്‍ഖണ്ഡ് പൊലീസ്; മുക്കിയത് 45 കിലോ കഞ്ചാവ്!

സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ ബീഹാറിലെ വിവിധ ഭാഗങ്ങളില്‍ പിടിച്ചെടുത്ത ഒമ്പത് ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചുതീര്‍ത്തതായി പൊലീസിന്റെ അവകാശവാദം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എലികള്‍ കഞ്ചാവും വലിച്ചുതുടങ്ങിയെന്നാണ് പൊലീസിന്റെ പുതിയ കണ്ടെത്തല്‍. ജാര്‍ഖണ്ഡ് പൊലീസാണ് കോടതിയില്‍ വിചിത്രമായ ന്യായം നിരത്തിയത്.
2016 മെയ് മാസത്തിലാണ് ദേശീയ പാതയില്‍ വച്ച് കാറില്‍ കടത്തുകയായിരുന്ന 145 കിലോ കഞ്ചാവ് ബേര്‍വഡ പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ബിഹാര്‍ സ്വദേശിയായ ശിവരാജ് കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീഹാറില്‍ നിന്ന് പഞ്ചിമ ബംഗാളിലേക്ക് കടത്തുകയായിരുന്നു കഞ്ചാവ്. തൊണ്ടിമുതലായ കഞ്ചാവ് ബേര്‍വഡ പൊലീസ് സ്റ്റേഷനിലെ സ്‌റ്റോര്‍റൂമില്‍ സൂക്ഷിച്ചു. കേസ് വിചാരണക്കെത്തിയപ്പോള്‍ പിടികൂടിയ കഞ്ചാവ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ദിനേഷ് കുമാറിന്റെ വിചിത്രമായ വിശദീകരണം. തൊണ്ടിമുതലായ 145 കിലോ കഞ്ചാവ് പൊലീസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 100 കിലോ ആയി ചുരുങ്ങുകയായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തോട് പൊലീസ് പ്രതികരിക്കാന്‍ തയാറായില്ല.

ബീഹാറിലും സമാനമായ സംഭവമാണ് ഉണ്ടായത്. നിയമവിരുദ്ധമായി സൂക്ഷിച്ച മദ്യം പിടികൂടി പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് തുടര്‍ച്ചയായി കാണാതാകുന്നതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബീഹാര്‍ പൊലീസ് ഇത്തരമൊരു വിശദീകരം നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.