200 രൂപ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കി; അപ്രതീക്ഷിതമായി 50 രൂപ നോട്ടും; പുറത്തിറങ്ങും മുമ്പേ പുതിയ നോട്ട് മുംബൈയില്‍

200 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കിയതിനൊപ്പം റിസര്‍വ് ബാങ്ക് 50 രൂപ നോട്ടും പുറത്തിറക്കി. ഇന്ന് 200 രൂപ നോട്ട് മാത്രമേ പുറത്തിറങ്ങൂ എന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി 50 രൂപ നോട്ട് പുറത്തിറക്കുകയായിരുന്നു. അതേസമയം ഇന്നലെ തന്നെ 50 രൂപയുടെ പുതിയ നോട്ടുമായി മുംബൈ സ്വദേശിയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. ദ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇന്നലെ തന്നെ പുതിയ 50 രൂപ നോട്ടുമായി നില്‍ക്കുന്ന വ്യക്തിയുടെ ചിത്രം പുറത്ത് വിട്ടത്.
ഊഹിക്കപ്പെട്ടിരുന്നത് പോലെ തന്നെ ഇളം നീള ഫ്ലൂറസെന്റ് നിറത്തിലുള്ളതാണ് ചിത്രത്തിലെ നോട്ടും.മഹാത്മാ ഗാന്ധി-2005 സീരിസിലാണ് പുതിയ നോട്ടുകള്‍. നമ്പര്‍ പാനലില്‍ ഇന്‍സെറ്റ് ലെറ്റര്‍ ഇല്ലാതെയായിരിക്കും 50 രൂപയുടെ നോട്ടകള്‍ ഇറക്കുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തിലെ നോട്ടിലും ഇന്‍സെറ്റ് ലെറ്ററില്ല. 20 രൂപാ നോട്ടില്‍ ഇംഗീഷ് അക്ഷരം എല്‍ ആയിരിക്കും ഇന്‍സെറ്റ് ലെറ്റര്‍. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേലിന്റെ ഒപ്പാണ് നോട്ടിലുള്ളത്. പൈതൃക ഗ്രാമമായ ഹമ്പിയുടെ ചിത്രമുള്ള നോട്ടിന് 66 മില്ലിമീറ്റര്‍ വീതിയും 135 മില്ലി മീറ്റര്‍ നീളവുമുണ്ട്. പഴയ നോട്ടുകളുടെ അതേ ഫീച്ചറുകളോട് കൂടിയായിരിക്കും പുതിയ നോട്ടും.
പുതിയ 50 രൂപ നോട്ടിന്റേത് എന്ന് സംശയിക്കുന്ന ചിത്രം നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കള്ളനോട്ട് പുറത്തിറങ്ങിയതാണെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. പുതിയ നോട്ട് നിലവില്‍ വരുമെങ്കിലും പഴയ നോട്ടുകളും ഉപയോഗിക്കാം.

നോട്ടുകളുടെ അച്ചടി ആദ്യഘട്ടത്തിലായതിനാല്‍ വളരെ കുറച്ചു നോട്ടുകള്‍ മാത്രമേ വിതരണത്തിനായി എത്തിയിട്ടുള്ളൂ. ആര്‍ബിഐ മേഖല ഓഫീസുകളിലും തിരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലും മാത്രമേ പുതിയ നോട്ടുകള്‍ ലഭിക്കുകയുള്ളൂ.

© 2024 Live Kerala News. All Rights Reserved.