അഞ്ചു പേര്‍ മരിച്ചു; കലാപഭൂമിയായി ഹരിയാനയും പഞ്ചാബും; അക്രമം അഴിച്ചുവിട്ട് ഗുര്‍മീത് അനുയായികള്‍

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളിയ്ക്ക് വേണ്ടി മുറവിളി ഉയര്‍ത്തി പഞ്ചാബിലെയും ഹരിയാനയിലെയും ഗുര്‍മീത് റാം റഹീം അനുയായികള്‍. സംഘര്‍ഷത്തില്‍ അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിധി പ്രസ്താവം വന്ന് ഒരു മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിനിടെ ഗുര്‍മീത് റാം റഹീം അനൂകൂലികള്‍ പൊലീസ് സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും തീയിട്ടു. ഹരിയാനയിലും പഞ്ചാബിലും റാം റഹീം അനുകൂലികള്‍ കലാപമുണ്ടാക്കുകയാണ്. പഞ്ചാബിലെ അഞ്ച് ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പഞ്ച്കുലയില്‍ നിരോധനാഞ്ജയ്ക്ക് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിധി പ്രസ്താവത്തില്‍ പ്രകോപിതരായ റാം റഹീമിന്‍റെ അനുയായികളെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയാണ്. കോടതി വിധി വന്നതിന് തൊട്ടു പിന്നാലെ ഹരിയാനയില്‍ പലയിടത്തും വൈദ്യൂതി ബന്ധം വിച്ഛേദിച്ചു. സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി.
സോഷ്യല്‍ മീഡിയയിലൂടെ സംഘര്‍ഷം ആസൂത്രണം ചെയ്യുന്നത് ഒഴിവാക്കാനും ശ്ക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. റാം റഹീം അനുകൂലികള്‍ എന്‍ഡിടിവി ഒബി വാന്‍ നശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സുരക്ഷ നടപടികള്‍ കണക്കിലെടുത്ത് റാം റഹീമിനെ തല്‍ക്കാലം സൈനിക കേന്ദ്രത്തിലേക്ക് മാറ്റാനാണ് ആലോചന. ഇന്ന് ഉച്ചയ്ക്കാണ് അനുയായിയെ ബലാത്സംഗം ചെയ്ത കേസില്‍ കോടതി റാം റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ റാം റഹീമിനെതിരെ പ്രത്യക്ഷമായ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസിന്റെ വിധി പ്രസ്താവം കേള്‍ക്കാന്‍ റാം റഹീമിന്റെ അനുയായികള്‍ കോടതി പരിസരത്ത് തരിച്ചു കൂടിയിരുന്നു.

പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ് കേസില്‍ വിധി വരുന്നത്. തിങ്കളാഴ്ച്ച കോടതി ഗുര്‍മീത് റാം റഹീമിന്റെ ശിക്ഷാ വിധി പ്രഖ്യാപിക്കും.

© 2024 Live Kerala News. All Rights Reserved.