സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്; കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി; ആധാര്‍ കേസില്‍ നിര്‍ണായകം

സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതിയുടെ ചരിത്രവിധി. ഒന്‍പതംഗ ബെഞ്ച് ഐക്യകണ്‌ഠ്യേനയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. ഇതോടെ 1952ലെയും 1962ലെയും സ്വകാര്യതയെ സംബന്ധിച്ച വിധികള്‍ അസാധുവാകും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് സ്വകാര്യത അവകാശമാക്കി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കേന്ദ്രത്തോട് നിര്‍ദേശിച്ചു. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുളള അവകാശമായ ആര്‍ട്ടിക്കിള്‍ 21ന്റെ ഭാഗമാണ് സ്വകാര്യതയെന്നും കോടതി വിലയിരുത്തി. ഇതോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ആധാര്‍ പദ്ധതികളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്. സ്വകാര്യതയുമായി ബന്ധപ്പെട്ട് എം.പി ശര്‍മ്മ, ഖരഗ്സിങ് എന്നിവര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്ന വിധികളാണ് സുപ്രീംകോടതി ഇന്ന് റദ്ദാക്കിയത്. ഓഗസ്റ്റ് രണ്ടിന് വാദം പൂര്‍ത്തിയാക്കിയ കോടതി കേസ് വിധിപറയുന്നതിനായി മാറ്റിവയ്ക്കുകയായിരുന്നു. ആധാര്‍ വിഷയത്തില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് ആറുദിവസം തുടര്‍ച്ചയായി വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി മാറ്റിയത്. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ ജെ ചെലമേശ്വര്‍, എസ്എ ബോബ്ഡെ, ആര്‍കെ അഗര്‍വാള്‍, ആര്‍എഫ് നരിമാന്‍, എഎം സപ്രെ, ഡിവൈ ചന്ദ്രചൂഢ്, എസ്കെ കൗള്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ഒമ്പതംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.
ആധാര്‍ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതാണെന്ന വാദമുയര്‍ത്തി സ്വകാര്യ വ്യക്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്ന കാര്യം ഒമ്പതംഗ ബെഞ്ചിന് വിട്ടത്. ക്ഷേമ പദ്ധതികളുടെ ഗുണമനുഭവിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ച മൂന്നംഗ ബെഞ്ച് കേസ് വിശാല ബെഞ്ചിനു വിടുകയായിരുന്നു. കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ച് വിഷയം ഒമ്പതംഗ ബെഞ്ചിന് വിട്ടു.
സ്വകാര്യത മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്ന് 1954ല്‍ എട്ടംഗ ബെഞ്ച് വിധിച്ചിരുന്നു. ഈ വിധി ശരിയാണോയെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് പരിശോധിച്ചത്.

ആധാര്‍ കേസ് എത്ര ജഡ്ജിമാരുള്‍പെട്ട ബെഞ്ച് പരിഗണിക്കണമെന്നത് ഒമ്പതംഗ ബെഞ്ചിന്റെ വിധിക്കു ശേഷം തീരുമാനിക്കും. ഇത് ചീഫ് ജസ്റ്റിസ് തന്നെ മുമ്പ് വ്യക്തമാക്കിയതാണ്.

© 2024 Live Kerala News. All Rights Reserved.