അമ്മ വാര്‍ത്താ സമ്മേളനം: മുകേഷിനെതിരെ സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി; പരാമര്‍ശത്തിനെതിരെ വിശദീകരണം തേടും

കൊല്ലം: അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപെടുത്തി സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി. യോഗത്തിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നു. മുകേഷിന്റെ പ്രസ്താവന ആക്രമിക്കപ്പെട്ട നടിക്കെതിരെയുളളതാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള രോഷപ്രകടനം ഒഴിവാക്കാമായിരുന്നുവെന്നും ഒഴിവാക്കാമായിരുന്നു. സംഭവത്തില്‍ നാളെ കൊല്ലത്തെത്തുന്ന മുകേഷില്‍ നിന്നും വിശദീകരണം തേടാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
ജനപ്രതിനിധിയാണെന്നുളള ഉത്തരവാദിത്തം മുകേഷ് കാണിക്കണമായിരുന്നുവെന്നതാണ് പൊതുവില്‍ ജില്ലാ നേതാക്കള്‍ക്കിടയിലെ വികാരം. മാധ്യമപ്രവര്‍ത്തകരോട് മുകേഷ് ഇത്തരത്തില്‍ കയര്‍ത്ത് സംസാരിക്കാന്‍ പാടില്ലായിരുന്നു എന്നും ജില്ലാ നേതാക്കള്‍ നിലപാടെടുത്തുവെന്നും സൂചനയുണ്ട്.
അമ്മ വാര്‍ഷിക യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ് വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. സംഘടനയിലെ അംഗങ്ങളുടെ ചോര കുടിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വൈസ് പ്രസിഡന്റ് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും വൈസ് പ്രസിഡന്റ് മോഹന്‍ലാലും വേദിയിലിരിക്കേയാണ് മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുകേഷും ഗണേഷും എത്തിയത്.

© 2023 Live Kerala News. All Rights Reserved.