മെട്രൊയില്‍ ജോലി: പരിശീലനം നല്‍കിയിട്ട് സര്‍ക്കാര്‍ പറ്റിച്ചെന്ന് ഭിന്നലിംഗക്കാര്‍; ‘ഒഴിവാക്കിയത് പ്രായവും വിദ്യാഭ്യാസവും പറഞ്ഞ്’

മെട്രോ റെയിലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചതായി ഭിന്നലിംഗക്കാരുടെ പരാതി. ജോലിയ്ക്ക് മുന്‍പായുള്ള ഒരു മാസത്തെ പരിശീലനത്തില്‍ പങ്കെടുപ്പിച്ച ശേഷമാണ് കാരണം വ്യക്തമാക്കാതെ ഒഴിവാക്കിയതെന്ന് ഭിന്നലിംഗക്കാരായ ആതിരയും(47), ശാന്തി(52) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭിന്നലിംഗക്കാരായ 23 പേര്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് 12 പേര്‍ക്ക് മാത്രം ജോലി കൊടുത്ത് മറ്റുള്ളവരെ കളിയാക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.
ജോലി ലഭിക്കാതെയായപ്പോള്‍ അസിസ്റ്റന്‍ഡ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും ജോലി ഉറപ്പാക്കും എന്നായിരുന്നു മറുപടി. എന്നാല്‍ മെട്രോയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും തങ്ങളെ നിയമിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. മെട്രോയിലെ ജോലി പ്രതീക്ഷി്ച്ച് ചെയ്തിരുന്ന ജോലി ഉപേക്ഷിച്ചാണ് രാജഗിരി കോളേജില്‍ ഒരുമാസത്തെ പരിശീലനത്തിന് എത്തിയതെന്നും എന്നാല്‍ ഇപ്പോള്‍ ഉണ്ടായിരുന്ന ജോലി കൂടി ഇല്ലാത്ത അവസ്ഥയിലാണെന്നും ആതിരയും ശാന്തിയും പറഞ്ഞു. പരിശീലന സമയത്ത് വിദ്യാഭ്യാസവും പ്രായവും പ്രശ്‌നമല്ല എന്നായിരുന്നു പറഞ്ഞത്. എറണാകുളം ജില്ലക്കാരായിട്ടും തങ്ങളെ ജോലിയില്‍ നിന്നും ഒഴിവാക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
ആറു വര്‍ഷത്തോളം ഒരു ആഡംബര ഹോട്ടലില്‍ ജോലി എടുത്തിരുന്ന ശാന്തി മെട്രോ ഉദ്ഘാടനത്തിനായി ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. തയ്യല്‍ പണി ചെയ്താണ് ആതിര ജീവിച്ചിരുന്നത്.

നിശ്ചിത വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് കണ്ടെ്ത്തിയതിനാലാണ് ആദ്യ ഘട്ടത്തിനു ശേഷം രണ്ട് പേരെ ഒഴിവാക്കിയതെന്ന് കെഎംആര്‍എല്‍ പറഞ്ഞു. 11 സ്റ്റേഷനുകളിലായി ഇപ്പോള്‍ 18 പേരാണ് ജോലി ചെയ്യുന്നത്. പരിശീലനത്തിനു ശേഷം തെരഞ്ഞെടുത്തതില്‍ കുറേ പേര്‍ പിന്നീട് ജോലിയില്‍ നിന്ന് പിന്മാറിയെന്നും അവര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.