എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം: ആദ്യ പത്തുറാങ്കും ആണ്‍കുട്ടികള്‍ക്ക്; ഷാഫില്‍ മാഹിന് ഒന്നാം റാങ്ക്; ഒന്നാംഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 30ന്

എന്‍ജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ പത്തുറാങ്കും ആണ്‍കുട്ടികള്‍ക്കാണ്. കോഴിക്കോട് സ്വദേശി ഷാഫില്‍ മാഹീനാണ് ഒന്നാം റാങ്ക്. കോട്ടയ സ്വദേശികളായ വേദാന്ത് പ്രകാശ് ഷേണായി, അഭിലാഷ് ഘാര്‍, ആനന്ദ് ജോര്‍ജ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും നാലും റാങ്കുകള്‍. എസ്ടി വിഭാഗത്തില്‍ കോട്ടയം സ്വദേശി ജിബിന്‍ ജോര്‍ജിനാണ് ഒന്നാം റാങ്ക്. എസ് സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഇന്ദ്രജിത്തിനാണ് ഒന്നാം റാങ്ക്. ഫാര്‍മസിയില്‍ മലപ്പുറം സ്വദേശി ആലിഫ് അന്‍ഷിലാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തിരുവനന്തപുരത്ത് വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസാണ് ഫലം പ്രഖ്യാപിച്ചത്.
മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാത്ത 699 പേരുടെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. ആദ്യ അയ്യായിരം റാങ്കില്‍ 2535പേര്‍ കേരള സിലബസുകാരാണ്. എന്‍ജിനീയറിങ്ങിന്റെ ആദ്യഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 30ന് മുമ്പായിരിക്കും. രണ്ടാംഘട്ട അലോട്ട്‌മെന്റ് ജൂലൈ 20നും മൂന്നാംഘട്ടം ജൂലൈ 30നും നടക്കും. ആഗസ്റ്റ് 15നായിരിക്കും പ്രവേശനം അവസാനിപ്പിക്കുക. അഖിലേന്ത്യാ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയിലും കോഴിക്കോട് സ്വദേശിയായ ഷാഫില്‍ മാഹീന്‍ ഉന്നതവിജയം നേടിയിരുന്നു. അഖിലേന്ത്യാ തലത്തില്‍ നാലാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കുമായിരുന്നു ജെഇഇ മെയിന്‍ പരീക്ഷയില്‍ ഷാഫിലിന് ലഭിച്ചത്.

© 2024 Live Kerala News. All Rights Reserved.