പുതുവൈപ്പ് സമരത്തിലെ ക്രൂരമായ ലാത്തിച്ചാര്‍ജ്: ഡിസിപി യതീഷ് ചന്ദ്രക്കെതിരെ നടപടി? അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് എസ് ശര്‍മ്മ എംഎല്‍എ

പുതുവൈപ്പിലെ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ മുന്നില്‍ നിന്ന ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ വൈപ്പിന്‍ എംഎല്‍എ എസ്. ശര്‍മ്മ. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പേ പിടിച്ച പോലെ ഓടി നടന്ന് തല്ലുന്നതായാണ് ദൃശ്യമാധ്യമങ്ങളില്‍ കാണാനായത്. ഇത് ഇടതുമുന്നണി സര്‍ക്കാരിന്റെ പൊലീസ് നയത്തിന് എതിരാണ്. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.സ്ത്രീകളും കുട്ടികളോടും സംരക്ഷണവും അനുഭാവവും പുലര്‍ത്തുന്നതാണ് ഇടതുസര്‍ക്കാര്‍ നയം.
നിയമം ലംഘിക്കുന്നുണ്ടെങ്കില്‍ അറസ്റ്റാവാം. കോടതിയില്‍ ഹാജരാക്കുകയും ചെയ്യാം. വെളളിയാഴ്ച നടന്നത് അതല്ലെന്നും ശര്‍മ്മ പറഞ്ഞു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്തിമവിധി വരുംവരെ പുതുവൈപ്പിലെ ഐഒസിയുടെ തുടര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം. ഇത്തരം ജനകീയ പ്രതിഷേധ സാഹചര്യങ്ങളില്‍ പൊലീസ് സംയമനം പാലിക്കുകയാണ് വേണ്ടത്. സംഭരണശാല ജനനിബിഡമല്ലാത്ത മറ്റൊരിടത്തേക്ക് മാറ്റുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

© 2023 Live Kerala News. All Rights Reserved.