രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ചു. കൃഷി ആവശ്യങ്ങള്‍ക്കായി അല്ലാതെ രാജ്യത്ത് ഇനി കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കില്ല. കന്നുകാലി കച്ചവടങ്ങള്‍ കൃഷി ആവശ്യങ്ങള്‍ക്കുള്ളതാണെന്ന് തെളിയിക്കുന്ന രേഖകള്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കണമെന്ന് ചൊവ്വാഴ്ച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. പശു, കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനും വില്‍പനയ്ക്കുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കന്നുകാലികളെ ബലിയര്‍പ്പിക്കുന്നതും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറിക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം ഉപയോഗിച്ചാണ് ഉത്തരവ്.
കന്നുകാലി കിടാങ്ങളെ വില്‍ക്കരുത്, ഉടമസ്ഥന്റെ സാക്ഷ്യപത്രമില്ലാതെ കന്നുകാലികളെ മാര്‍ക്കറ്റിലെത്തിക്കരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍. സാക്ഷ്യപത്രത്തിനോടൊപ്പം കശാപ്പിന് വേണ്ടിയല്ല കന്നുകാലികളെ വില്‍ക്കുന്നതെന്ന് തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കണം. ഒരിക്കല്‍ വിറ്റ കന്നുകാലികളെ ആറ് മാസത്തിനുള്ളില്‍ മറിച്ച് വില്‍ക്കരുതെന്നും മതപരമായ കാര്യങ്ങള്‍ക്ക് വേണ്ടി കന്നുകാലികളെ ബലി നല്‍കരുതെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് കന്നുകാലികളെ വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കൃഷി ആവശ്യങ്ങള്‍ക്കായാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ വാങ്ങുന്നയാളുടെയും വില്‍ക്കുന്ന ആളുടെയും കൈവശമുണ്ടായിരിക്കണം. സ്ഥലത്തെ തഹസില്‍ദാര്‍, വെറ്റിനറി ഓഫീസര്‍, ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നിവര്‍ക്കും പകര്‍പ്പ് സമര്‍പ്പിക്കണം.
കന്നുകാലി കശാപ്പിനെ പ്രത്യക്ഷത്തില്‍ നിരോധിക്കുന്നതല്ലെങ്കിലും കന്നുകാലി ഉപയോഗത്തില്‍ വലിയ പ്രത്യാഘതമാണ് പുതിയ ഉത്തരവ് മൂലമുണ്ടാവുക. കന്നുകാലി കശാപ്പ് നിരോധിക്കുന്നത് സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണെന്നിരിക്കെ ഉത്തരവില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്