എസ്.രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിഎസ് ; വേണ്ടിവന്നാല്‍ മൂന്നാറിലേക്ക് പോകും;കയ്യേറ്റങ്ങള്‍ കൂടിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്

തിരുവനന്തപുരം: ഭൂമി കയ്യേറിയെന്ന് ആരോപണം നേരിടുന്ന ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഭരണപരിഷ്‌കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍.രാജേന്ദ്രന്‍, എംഎം മണി എന്നിവര്‍ ഭൂമി കയ്യേറ്റം ചെയ്തുവെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. മൂന്നാറിലെ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് കര്‍ശന നടപടികള്‍ കൈക്കൊളളുന്ന ദേവികുളം സബ്കളക്ടര്‍ സര്‍ക്കാരിന്റെ താത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ പിന്തുണയ്ക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.  മൂന്നാറില്‍ കയ്യേറ്റം തുടരുന്നുവെന്നത് ഹൃദയഭേദകമായ കാര്യമാണ്. വേണ്ടിവന്നാല്‍ മൂന്നാറിലേക്ക് പോകും. ഭൂമി കയ്യേറിയത് എത്ര ഉന്നതരായാലും ഒഴിപ്പിക്കണം. കയ്യേറ്റങ്ങള്‍ കൂടിയത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 92 കെട്ടിടങ്ങള്‍ പൊളിച്ചു. ടാറ്റാ ടീ കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചു. പിന്നീട് വന്ന യു.ഡി.എഫ്. ഭരണകാലത്ത് കയ്യേറ്റം വീണ്ടും വ്യാപകമായി. മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് എതിരായി തന്റെ കാലത്തുണ്ടായ നടപടികള്‍ യു.ഡി.എഫ്. വന്നപ്പോള്‍ ഇല്ലാതായി. എ.കെ. ശശീന്ദ്രന് എതിരെയുള്ള ആരോപണങ്ങളിലെ ശരിതെറ്റുകള്‍ പരിശോധിക്കുമെന്നും പത്രസമ്മേളനത്തില്‍ വിഎസ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.