കേരളപ്പിറവി ആഘോഷത്തില്‍ മുന്‍മുഖ്യമന്ത്രിമാരെ ക്ഷണിച്ചില്ല; വി.എസ് അച്യുതാനന്ദനും ഉമ്മന്‍ ചാണ്ടിക്കും എ.കെ ആന്റണിക്കും ക്ഷണമില്ല; ഗവര്‍ണറെ ഒഴിവാക്കിയത് പ്രോട്ടോക്കോള്‍ പ്രശ്‌നം ഉള്ളതിനാലെന്ന് പിണറായി

തിരുവനന്തപുരം:നിയമസഭാങ്കണത്തില്‍ നടക്കുന്ന കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷച്ചടങ്ങിലേക്കു മുന്‍ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചില്ല. വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, എ.കെ ആന്റണിയേയും ചടങ്ങില്‍നിന്നും ഒഴിവാക്കി. കേരളപ്പിറവി വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു നിയമസഭയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിനുശേഷം ഇരുവരും വീടുകളിലേക്കു മടങ്ങി. വേദിയില്‍ 60 ചിരാതുകള്‍ കൊളുത്തുന്ന ചടങ്ങിലേക്ക് ഉമ്മന്‍ ചാണ്ടിയേയും വി.എസിനേയും ക്ഷണിച്ചില്ല. എ.കെ ആന്റണിയെ ക്ഷണിച്ചിരുന്നെന്ന് പറഞ്ഞെങ്കിലും നോട്ടീസില്‍ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല.ഗവര്‍ണറെയും ചടങ്ങില്‍ ക്ഷണിച്ചിരുന്നില്ല. അതേസമയം, കേരളപ്പിറവി ആഘോഷത്തില്‍ ഗവര്‍ണറെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ഗവര്‍ണറെ മറന്നുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവിയുടെ അറുപതാം വര്‍ഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ആഘോഷചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് ഗവര്‍ണറെ ഒഴിവാക്കിയത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ക്കുളള മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ഒരു പരിപാടിയില്‍ സംസ്ഥാന ഭരണത്തലവന്‍ ഗവര്‍ണര്‍ ഉണ്ടാകേണ്ടതല്ലെ, ഒഴിവാക്കിയത് എന്താണെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഞങ്ങള്‍ കൂട്ടായിട്ടാണ് ആലോചിച്ചത്. ഇത് നിയമസഭയുടെ പരിപാടിയാണ്. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും ഞങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ അടക്കമുളള കക്ഷി നേതാക്കള്‍ കൂടിയാലോചിച്ചാണ് തീരുമാനമെടുത്തത്. കൂടാതെ ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പ്രോട്ടോക്കോളിന്റെ പ്രശ്‌നമുണ്ട്.
ഗവര്‍ണര്‍ പങ്കെടുത്താല്‍ ചടങ്ങില്‍ വേദിയില്‍ നിശ്ചിത എണ്ണം അതിഥികള്‍ മാത്രമെ പാടുള്ളു. ഇന്നിവിടെ വേദിയില്‍ അറുപത് പേരുണ്ട്. ഗവര്‍ണര്‍ പങ്കെടുത്താല്‍ ഇത് പരിമിതിപ്പെടുത്തേണ്ടി വരും. അതിനാല്‍ സഭ ആലോചിച്ചത് ഇന്ന് തുടങ്ങി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് ഇത്. അപ്പോള്‍ ഇതിനുശേഷം തുടര്‍ന്ന് വരുന്ന പരിപാടിയില്‍ ഗവര്‍ണറെ ഉള്‍പ്പെടുത്തും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ തുടര്‍ന്ന് സംഘടിപ്പിക്കുമ്പോള്‍ അതില്‍ ഗവര്‍ണറുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി. അതേസമയം പ്രമുഖ വ്യക്തികളെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ നിലപാടില്‍ പലര്‍ക്കും കടുത്ത അതൃപ്തി ഉള്ളതായാണ് വിവരം.

 

© 2024 Live Kerala News. All Rights Reserved.