ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം വന്‍ തീപിടിത്തം; പോസ്റ്റ് ഓഫിസും ഗോഡൗണും കത്തിനശിച്ചു; രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു കമാന്‍ഡോയ്ക്ക് പരുക്ക്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടക്ക് സമീപം വന്‍ തീപിടിത്തം. പോസ്റ്റ് ഓഫിസും ഗോഡൗണും തീപിടിത്തത്തില്‍ കത്തിനശിച്ചു. പുലര്‍ച്ചെ നാലുമണിക്കാണ് സംഭവമുണ്ടായത്.കൂട്ടിയിട്ട ചവറുകള്‍ക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അഗ്‌നിശമനസേനയുടെ ആറു യൂണിറ്റുകളെത്തിയാണ് തീയണച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു കമാന്‍ഡോയ്ക്കും പരുക്കേറ്റു.തീയണയ്ക്കുന്നതിനായി പോസ്റ്റ് ഓഫിസ് കെട്ടിടത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് കമാന്‍ഡോയ്ക്ക് പരുക്കേറ്റത്. അതേസമയം, ക്ഷേത്രപരിസരത്ത് ഫയര്‍ ഓഡിറ്റ് നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തീപിടിത്തത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പോസ്റ്റ് ഓഫിസും ഗോഡൗണും മന്ത്രി സന്ദര്‍ശിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷാച്ചുമതലുള്ള കമാന്‍ഡോകളുടെ സിസിടിവിയിലാണ് തീപിടിത്തം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അഗ്‌നിശമനസേനാ വിഭാഗത്തെ വിവരം അറിയിക്കുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.