സമരത്തെ ഒറ്റുകൊടുക്കാനുമുള്ള ശ്രമങ്ങള്‍ നടന്നു; നിലപാട് പരസ്യമാക്കി ജനയുഗം എഡിറ്റോറിയല്‍

തിരുവനന്തപുരം:ലോ അക്കാദമി നടന്ന വിദ്യാര്‍ത്ഥി സമരം ഒത്തുതീര്‍ന്നതിനു പിന്നാലെ വീണ്ടും പരോക്ഷവിമര്‍ശനവുമായി സിപിഐയുടെ മുഖപത്രമായ ജനയുഗം. ലോഅക്കാദമിയിലെ വിദ്യാര്‍ത്ഥി സമരത്തെ തകര്‍ക്കാനും ഒറ്റുകൊടുക്കാനുമുള്ള നീക്കങ്ങള്‍ അകത്തുനിന്നും പുറത്തുനിന്നുമുണ്ടായെന്നു മുഖപ്രസംഗം പറയുന്നു. ജനയുഗത്തില്‍ വരുന്ന കോളമല്ല, മുഖപ്രസംഗമാണ് സിപിഐയുടെ നിലപാടെന്നു കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണു മുഖപ്രസംഗവുമായി ജനയുഗം എത്തിയത്.വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് പരസ്യമായി സമ്മതിക്കുമ്പോഴും മാനേജ്‌മെന്റിന്റെ പിണിയാളുകളായി ഉത്തരവാദപ്പെട്ട ചിലര്‍ പ്രവര്‍ത്തിച്ചെന്നുംമുഖപ്രസംഗത്തില്‍ പറയുന്നു.

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം

തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി നടത്തിവന്ന പ്രക്ഷോഭം വിജയത്തില്‍ അവസാനിച്ചിരിക്കുന്നു. ഒരുമാസത്തോളം നീണ്ട സമരം വിജയപര്യവസായിയാകുമ്പോള്‍ അത് വിദ്യാര്‍ഥി സമരചരിത്രത്തിലെ വേറിട്ട അധ്യായമാകുകയാണ്.

ലോ അക്കാദമിയില്‍ നടമാടുന്ന അനീതിക്കെതിരെയായിരുന്നു എല്ലാ വിദ്യാര്‍ഥി സംഘടനകളും സമരം നയിച്ചത്. വിവിധ രീതികളിലുള്ള പീഡന മുറകളാണ് കോളജില്‍ അരങ്ങേറിയതെന്ന വിവരങ്ങളാണ് പുറത്തുവന്നത്. സ്വന്തക്കാര്‍ക്ക് എന്തുമാകാമെന്ന സ്ഥിതിയായിരുന്നു അവിടെ. ഇഷ്ടപ്പെടാത്തവര്‍ക്കായി പല തരത്തിലുള്ള ശിക്ഷണ രീതികളുണ്ടായി. ഇന്റേണല്‍ മാര്‍ക്കിലും ഹാജര്‍ നല്‍കുന്നതിലും നിക്ഷിപ്തവും വ്യക്തിപരവുമായ താല്‍പര്യങ്ങള്‍, അത് പലപ്പോഴും സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനമാകുന്ന രീതിയില്‍ ജാതീയമായ വേര്‍തിരിവിന്റെ അടിസ്ഥാനത്തിലും. തങ്ങളെ വീട്ടുജോലിക്കാരെ പോലെ കണ്ട അനുഭവങ്ങളും വിദ്യാര്‍ഥികള്‍ പങ്കു വയ്ക്കുകയുണ്ടായി. തന്റെ പദവിയും സാമൂഹ്യസ്വാധീനവും ഉപയോഗിച്ച് ചട്ടങ്ങളേയും കീഴ്‌വഴക്കങ്ങളേയും കാറ്റില്‍പറത്തുകയാണ് ഇവിടത്തെ പ്രിന്‍സിപ്പാള്‍ ചെയ്തുപോന്നത്. അതൊക്കെ കൊണ്ടാണ് ലക്ഷ്മിനായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് തുടരരുതെന്ന ആവശ്യം ശക്തമായി വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്.

പെണ്‍കുട്ടികളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുന്ന സമീപനങ്ങളും ജയില്‍ മുറികള്‍ക്കു സമാനമായ ഹോസ്റ്റല്‍ അനുഭവങ്ങളും ലോ അക്കാദമിയിലുണ്ടെന്നത് വിദ്യാര്‍ഥികള്‍ നേരത്തേ തന്നെ പരാതിയായി ഉന്നയിച്ചുവെങ്കിലും അതെല്ലാം ജലരേഖകളായി മാറുകയായിരുന്നു. അതിന് പ്രധാന കാരണമായത് മാനേജ്‌മെന്റിന്റെ പിടിപാടുകളായിരുന്നുവെന്നും വെളിപ്പെടുത്തപ്പെട്ടു. പട്ടിക ജാതി പീഡന നിയമപ്രകാരം നല്‍കപ്പെട്ട പരാതികള്‍ പോലും വെളിച്ചം കാണാതെ പോയ സ്ഥിതിയുണ്ടായി.

ഈയൊരു സാഹചര്യത്തിലാണ് എഐഎസ്എഫ് നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. തൊട്ടുപിറകേ മറ്റു വിദ്യാര്‍ഥി സംഘടനകളും സമരരംഗത്തിറങ്ങി. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ സമാനവും പരിഹൃതമാകേണ്ടതുമാണെങ്കിലും അതിന് കക്ഷിരാഷ്ട്രീയത്തിന്റെ അതിര്‍ വരമ്പുകളിടാന്‍ ചില കോണുകളില്‍ നിന്ന് ശ്രമങ്ങളുമുണ്ടായി. പക്ഷേ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി സമരം തുടരുകയായിരുന്നു. മാനേജ്‌മെന്റിന്റെയും പ്രിന്‍സിപ്പാളിന്റെയും ചെയ്തികള്‍ അങ്ങനെയാണ് കേരളത്തിന്റെയാകെ ശ്രദ്ധയിലേയ്ക്ക് വരുന്നതും കേരളം മുഴുവന്‍ സമരത്തിന് പിന്നില്‍ അണിനിരക്കുന്നതും. സമരത്തിന്റെ തീക്ഷ്ണതയും ഓരോ ദിവസവുമുള്ള വര്‍ധിത വീര്യവും കാരണം ആദ്യഘട്ടത്തില്‍ മാറിനിന്നവരും സമരത്തിലേക്ക് വരുന്ന സാഹചര്യമുണ്ടായി.

വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചാണ് സമരമുഖത്ത് ഉറച്ചു നിന്നത്. എന്നാല്‍ സമരത്തെ പൊളിക്കാനും ഒറ്റുകൊടുക്കാനുമുള്ള ശ്രമങ്ങള്‍ അകത്തും പുറത്തും നിന്നുമുണ്ടായി. സമരത്തില്‍ നിന്ന് പിന്മാറ്റാനുള്ള ശ്രമങ്ങള്‍ പല വഴിക്കാണ് നടത്തിയത്. സമ്മര്‍ദങ്ങള്‍ ഉപയോഗിച്ചും വീട്ടുകാരെ ഭയപ്പെടുത്തിയുമൊക്കെ അതിനുള്ള ശ്രമങ്ങള്‍ ഉണ്ടായെന്ന് വെളിപ്പെടുത്തലുകളുണ്ടായിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് പരസ്യമായി സമ്മതിക്കുമ്പോഴും മാനേജ്‌മെന്റിന്റെ പിണിയാളുകളായി ഉത്തരവാദപ്പെട്ട ചിലരെങ്കിലും പ്രവര്‍ത്തിച്ച അനുഭവവും ഈ സമരമുഖത്തു കാണാനായി. അതുകൊണ്ടാണ് സമരം ഒരു മാസത്തോളം നീണ്ടുപോയത്. അന്വേഷണത്തില്‍ കുറ്റകരമായ നടപടികള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായെന്ന് കണ്ടെത്തിയിട്ടും നടപടി വേണ്ടെന്ന തീരുമാനമെടുത്തതുള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ ഇതിന് തെളിവായി ചൂണ്ടിക്കാട്ടാനുണ്ട്. മുഷ്‌ക്കില്ലാതെയും അവധാനതയോടെയും ഉത്തരവാദപ്പെട്ടവര്‍ സമീപിച്ചിരുന്നുവെങ്കില്‍ എത്രയോ നേരത്തേ തന്നെ അവസാനിക്കുന്നതായിരുന്നു ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം. അതുകൊണ്ടുതന്നെ അനാവശ്യവിവാദങ്ങള്‍ക്കും ഇടയുണ്ടാക്കി. പക്ഷേ അതൊന്നും വകവയ്ക്കാതെയും എല്ലാവിധത്തിലുമുള്ള എതിര്‍പ്പുകളെയും അവഗണിച്ചും വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോയി എന്നതുകൂടിയാണ് ഈ സമരവിജയത്തിന്റെ പ്രത്യേകത.

ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരവും തൃശൂര്‍ ജില്ലയിലെ പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ മരണവുമൊക്കെ കേരളത്തിലെ സ്വകാര്യ സ്വാശ്രയ കോളജുകളില്‍ നടക്കുന്ന വിദ്യാര്‍ഥി വിരുദ്ധ നിലപാടുകളെ തുറന്നുകാട്ടുന്നുണ്ട്. വിദ്യാഭ്യാസരംഗത്ത് സ്വകാര്യതാല്‍പര്യങ്ങള്‍ ആധിപത്യം നേടിയതിന്റെ ദുരന്തഫലങ്ങളാണ് ലോ അക്കാദമിയും പാമ്പാടി നെഹ്‌റു കോളജും ടോംസ് കോളജുമുള്‍പ്പെടെയുള്ളവ. സാമ്പത്തിക താല്‍പര്യങ്ങള്‍ മാത്രം വിദ്യാഭ്യാസ മേഖലയില്‍ നിറഞ്ഞതിന്റെ ദുരന്തഫലം കൂടിയാണത്. അതുകൊണ്ടുതന്നെ ഇന്നലെ ലോ അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചുവെങ്കിലും കേരളമാകെ ഈ പോരാട്ടം തുടരണമെന്ന ആഹ്വാനം വിദ്യാര്‍ഥി സംഘടനകള്‍ക്കും പൊതുസമൂഹത്തിനും മുന്നിലേയ്ക്ക് വയ്ക്കുന്നുണ്ട്.

എല്ലാ എതിര്‍പ്പുകളെ അതിജീവിച്ചും കുപ്രചരണങ്ങളെ അവഗണിച്ചും ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ വിജയത്തിലേയ്ക്ക് നയിച്ച എല്ലാ പോരാളികളും അഭിനന്ദനമര്‍ഹിക്കുന്നു.

© 2024 Live Kerala News. All Rights Reserved.