ബിജെപി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല; പറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവരനുഭവിക്കും; ഭൂസമരം നടത്തുന്നത് ആദിവാസി ഗോത്രമഹാസഭ;സി.കെ. ജാനു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മുന്നണിയില്‍ ചേര്‍ന്ന് മത്സരിക്കുന്ന സമയത്ത് ബി.ജെ.പി നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ആദിവാസി ഗോത്ര മഹാസഭ അധ്യക്ഷ സി.കെ. ജാനു. പറഞ്ഞ വാക്കു പാലിക്കേണ്ട ബാധ്യത ബി.ജെ.പിക്കുണ്ടെന്നും പറഞ്ഞു പറ്റിച്ചാല്‍ ആ നെറികേടിന്റെ തിക്തഫലം അവര്‍ക്കു തിരിച്ച് കിട്ടുമെന്നും ജാനു പറഞ്ഞു. കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് സി.കെ ജാനു എന്‍.ഡി.എയിലെ രാഷ്ട്രീയ അവസ്ഥ തുറന്ന് പറഞ്ഞത്. വാഗ്ദാനം നല്‍കിയിട്ട് അതു നടപ്പാക്കാതിരുന്നാല്‍ മറുചോദ്യം ഉന്നയിക്കുമെന്നും ജാനു വ്യക്തമാക്കി. ജനാധിപത്യ രാഷ്ട്രീയ സഭയുടെ അജണ്ട ബി.ജെ.പിയുടേതില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്നും പാര്‍ട്ടി എന്ന നിലയിലും നിലപാടുകളിലും രാഷ്ട്രീയ ചിന്തകളിലുമൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടാണുള്ളതെന്നും ജാനു കൂട്ടിച്ചേര്‍ത്തു. എന്‍.ഡി.എയുടെ ഭാഗമായി ഞങ്ങള്‍ ഒന്നിച്ചുപോകുന്നുവെന്നു മാത്രമെ ഉള്ളു. ഗോത്രമഹാസഭ ഒറ്റക്കാണ് ഭൂസമരം നടത്തുന്നത്. അതിനിയും തുടരും. ഞങ്ങളുമായി സഹകരിക്കാന്‍ പറ്റുന്നവരെ സഹകരിപ്പിക്കും. ബിജെപി ഭൂസമരങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് തനിക്കറിയില്ല. അതെക്കുറിച്ച് തങ്ങളുമായി ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. കഴിഞ്ഞ കാലങ്ങളിലൊന്നും ബിജെപി ആദിവാസിസമരം ഏറ്റെടുത്തിട്ടില്ലെന്നും ജാനു പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.കെ ജാനുവിന്റെ നേതൃത്വത്തില്‍ ജനാധിപത്യ രാഷ്ട്രീയസഭ എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്ന് മത്സരിച്ചിരുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിച്ച ജാനുവാകട്ടെ തോല്‍ക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.