ബിജെപിയിലോ ബിഡിജെഎസിലോ ചേരാനില്ല; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് സികെ ജാനു; എന്‍ഡിഎയുമായി സഹകരിക്കും

തിരുവനന്തപുരം: ബിജെപിയിലോ ബിഡിജെഎസിലോ ചേരാനില്ലെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ ജാനു. ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പേരില്‍ പുതിയപാര്‍ട്ടി ഉണ്ടാക്കുമെന്നും എന്‍ഡിഎയുടെ ഭാഗമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജാനു മാധ്യമങ്ങളോട് വ്യക്തമാക്കി. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും സഹകരണമെന്നും അവര്‍ പറഞ്ഞു. രാവിലെ സി.കെ ജാനു വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് സി.കെ ജാനു കൂടിക്കാഴ്ച നടത്തിയത്.
ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയായി എന്‍.ഡി.എ മുന്നണിയുടെ പേരില്‍ ജാനു മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. നേരത്തെ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ബി.ജെ.പി പിന്തുണയോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി.കെ ജാനു മത്സരിക്കുമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടര്‍ന്നായിരുന്നു എന്‍.ഡി.എ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് പാര്‍ട്ടിനേതാവായ വെള്ളാപ്പള്ളി നടേശനുമായി സി.കെ ജാനു കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ഇതിനെതിരെ ഗോത്രമഹാസഭയിലെ ഗീതാനന്ദന്‍ അടക്കമുളള നേതാക്കള്‍ ജാനുവിനെതിരെ പരസ്യവിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. സി.കെ ജാനുവിന് ആരുടെയും പിന്തുണ ഉണ്ടാകില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുമെന്നായിരുന്നു ഗീതാനന്ദന്‍ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.