ലക്ഷ്മി നായരെ മാറ്റിയതിന്റെ മിനുട്‌സ് ജില്ലാ ഭരണകൂടത്തിന് കൈമാറി; വിദ്യാഭ്യാസ മന്ത്രിയുമായി മാത്രം ചര്‍ച്ചയെന്ന് വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റിയത് സംബന്ധിച്ച മിനുട്‌സ് ജില്ലാ ഭരണകൂടത്തിന് കൈമാറി. തിരുവനന്തപുരം എഡിഎമ്മിനാണ് ഡയറക്ടര്‍ നാരായണന്‍ നായര്‍ രേഖകള്‍ കൈമാരിയത്.രേഖകള്‍ പരിശോധിച്ച ശേഷം വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും എ.ഡി.എം അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വിദ്യാര്‍ഥികളുമായി ജില്ലാ ഭരണകൂടത്തിന്റെ ചര്‍ച്ചകള്‍ നടക്കാനാണ് സാധ്യത. അതേസമയം, ലോ അക്കാദമി വിഷയത്തില്‍ എ.ഡി.എമ്മുമായി ഇനി ചര്‍ച്ചക്കില്ലെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകള്‍ വ്യക്തമാക്കി. ഇനി ചര്‍ച്ച വിദ്യാഭ്യാസ മന്ത്രിയുമായി മാത്രമെന്നും സംഘടനാ പ്രതിനിധികള്‍ മാധ്യമങ്ങളെ അറിയിച്ചു.കെഎസ്‌യു, എഐഎസ്എഫ്,എബിവിപി, എംഎസ്എഫ് എന്നീ സംഘടനകളാണ് സമരം തുടരുന്നത്. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നു മാറ്റിയ തീരുമാനത്തിന്റെ മിനുട്‌സ് ഹാജരാക്കണമെന്ന് വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 21 അംഗ ഗവേണിങ് കൗണ്‍സിലാണ് ലോ അക്കാദമിക്കുള്ളത്. ഈ കൗണ്‍സില്‍ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് ലക്ഷ്മി നായരെ നീക്കിയെന്നാണ് എസ്.എഫ്.ഐയെ മാനേജ്‌മെന്റ് അറിയിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.