പാചകം ചെയ്തല്ല താന്‍ ഡോക്ടറേറ്റ് എടുത്തത്; തനിക്കെതിരെ കള്ളപരാതി നല്‍കിയത് എ.ഐ.എസ്.എഫ് നേതാവാണ്; പ്രതിഷേധത്തിന് കാരണം വ്യക്തിവൈരാഗ്യം;ഒരുകാരണവശാലും രാജിവെക്കില്ലെന്നും ലക്ഷ്മി നായര്‍

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികളുടെ സമരത്തിനെതിരെ നിലപാട് ശക്തമാക്കി ലക്ഷ്മി നായര്‍. പാചകം ചെയ്തല്ല താന്‍ ഡോക്ടറേറ്റ് എടുത്തത്.പാചകം ഒരു കഴിവാണ്. അത് ചെയ്തിട്ടുള്ളവര്‍ക്ക് അറിയാം. പാചകത്തില്‍ ഒരു കഴിവ് തെളിയിച്ചു എന്നത് ഒരു കുറ്റമാണെങ്കില്‍ അതൊരു കുറ്റമാണ്.സ്ത്രീയെന്ന നിലയില്‍ തന്നെ പലരും അധിക്ഷേപിക്കുകയാണ്. ഒരു കാരണവശാലും രാജിവെക്കില്ലെന്നും മാനേജ്‌മെന്റ് തീരുമാനത്തിനെതിരെ കോടതിയില്‍ പോകില്ലെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. തനിക്കെതിരെ കള്ളപരാതി നല്‍കിയത് എ.ഐ.എസ്.എഫ് നേതാവാണെന്നും പ്രതിഷേധത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്നും ലക്ഷ്മി നായര്‍ ആരോപിക്കുന്നു. താന്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന പരാതി സത്യവിരുദ്ധമാണ്. അക്കാദമിയുടെ കാര്യത്തില്‍ എസ്.എഫ്.ഐയും മാനേജ്‌മെന്റും ഉണ്ടാക്കിയ വ്യവസ്ഥ തുടരും. താന്‍ കൂടി അറിഞ്ഞിട്ടാണ് തീരുമാനങ്ങള്‍ എടുത്തത്.അധ്യയനം മുടങ്ങരുത് എന്ന് താത്പര്യമുള്ളതുകൊണ്ടാണ് എസ്.എഫ്.ഐ സമരം അവസാനിപ്പിക്കാന്‍ തയ്യാറായത്. അഞ്ചുവര്‍ഷം മാറിനില്‍ക്കുന്നത് കുട്ടികളുടെ ഭാവിയെ കരുതി മാത്രമാണെന്നും ലക്ഷ്മി നായര്‍ പറഞ്ഞു.എസ്.എഫ്.ഐ സമരത്തില്‍ നിന്നു പിന്‍മാറിയെങ്കിലും ലക്ഷ്മി നായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കുന്നതു വരെ സമരം തുടരും എന്ന നിലപാടാണ് എ.ബി.വി.പി, എ.ഐ.എസ്.എഫ്, കെ.എസ.യു, എം.എസ്.എഫ്, എ.ഐ.ഡി.എസ്.ഒ തുടങ്ങിയ സംഘടനകള്‍ക്ക്.

© 2024 Live Kerala News. All Rights Reserved.