തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മയെ മകന്‍ കുത്തി;കുത്തേറ്റ സ്ത്രീയുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ആളുകള്‍ നോക്കി നില്‍ക്കെ അമ്മയെ മകന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.പുളിയറക്കോണം സ്വദേശിനി ഗീത എന്ന നാല്‍പ്പതുകാരിക്കാണ് കുത്തേറ്റത്. ഗുരുതരമായ പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ പൊലീസ് ആശുപത്രിയിലെത്തിച്ചു.ഇവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അമ്മയും മകനും ഒരുമിച്ച് സംസാരിച്ചുവരികായിരുന്നെന്നും പെട്ടെന്ന് പ്രകോപനമുണ്ടായ മകന്‍ അഭിജിത്ത് കോമ്പസ് കൊണ്ട് അമ്മയുടെ കഴുത്തിന് കുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.കഴുത്തില്‍ നിന്നും രക്തം വാര്‍ന്നൊലിച്ചതോടെ വീണ്ടും ഇയാള്‍ കുത്താനായി ശ്രമിച്ചു. ഉടന്‍ തന്നെ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ആളുകള്‍ ഇയാളെ പിടിച്ചുമാറ്റി. ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പൊലീസ് അഭിജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.അഭിജിത്ത് ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.