ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം;സാമ്പത്തിക സര്‍വേ സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കും

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഈ വര്‍ഷത്തെ ആദ്യ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാഷ്ട്രപതി പതിവുപോലെ ഇരുസഭകളുടെയും സംയുക്തയോഗത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തും.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വിശകലനമായ സാമ്പത്തിക സര്‍വേ സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ വയ്ക്കും. നോട്ടു നിരോധനത്തിന്റെ ആഘാതം തുടരുന്നതിനാല്‍ പ്രതിപക്ഷം ഇത്തവണയും സഭയില്‍ വിശദമായ ചര്‍ച്ചയാവശ്യപ്പെടുമെന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കഴിഞ്ഞ സമ്മേളനത്തില്‍ ഇരു സഭകളിലും ചര്‍ച്ച തുടങ്ങിവെച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ലമെന്റ് സുഗമമായി നടത്താന്‍ പ്രതിപക്ഷം അനുവദിക്കണമെന്നു മോദി പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു.നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളൊന്നുമുണ്ടാവരുതെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം. അവസാന ത്രൈമാസിക സ്ഥിതിവിവര കണക്കുകള്‍ ലഭ്യമാകുന്നതിനു മുമ്പ് ബജറ്റവതരിപ്പിക്കുന്നത് അശാസ്ത്രീയമാണെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി.പ്രത്യേക റെയില്‍ ബജറ്റില്ലെന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകത. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, റെയില്‍ ബജറ്റ്, സാമ്പത്തിക സര്‍വേ, ബജറ്റ്. എന്നിങ്ങനെയായിരുന്നു ബജറ്റവതരണത്തിന്റെ പതിവു രീതി.

© 2024 Live Kerala News. All Rights Reserved.