ഇസ്ലാമാബാദ്: ലഷ്‌കര്‍ ഇ ത്വയ്യിബ നേതാവും 2008ലെ മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സഈദിനെ പാകിസ്താന്‍ വീട്ടു തടങ്കലിലാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നടപടി. ജമാഅത്തുദ്ദഅ്‌വക്കെതിരെയും സഈദിനെതിരെയും നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.ലാഹോറിലെ ചൗബുജി മേഖലയിലെ ജാമിഅ അല്‍ ക്വാസയിലാണ് സെയ്ദിനെ തടവിലാക്കിയിരിക്കുന്നത്. സഈദിനോടൊപ്പം മറ്റ് നാലു പേരെക്കൂടി വീട്ടു തടങ്കലിലാക്കിയിട്ടുണ്ട്. ജമാഅത്തുദ്ദഅ്‌വ സ്ഥാപകാംഗം സഫര്‍ ഇക്ബാല്‍, മാഗസിന്‍ എഡിറ്റര്‍ കസി കാഷിഫ് നവാസ്, അംഗങ്ങളായ അബ്ദുറഹ്മാന്‍ ആബിദ്, അബ്ദുല്ല ഉബൈദ് എന്നിവരാണ് തടവിലായ മറ്റുള്ളവര്‍.സഈദ് നേതൃത്വം നല്‍കുന്ന ജമാഅത്തുദ്ദഅ്‌വയെ നിരോധിക്കുമെന്നും നേതാക്കന്‍മാരെ അറസറ്റ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.2014ല്‍ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ച സംഘടനയാണ് ജമാഅത്തുദ്ദഅ്‌വ.2008ല്‍ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ഹാഫിസ് സഈദിനെ പാകിസ്ഥാന്‍ ആറുമാസത്തേക്ക് വീട്ടുതടങ്കലിലാക്കിയിരുന്നു.