തൃശ്ശൂരില്‍ കല്യാണ വീട്ടില്‍കയറി വരന്റെ സഹോദരനെ ആര്‍എസ്എസുകാര്‍ വെട്ടി; യുവാവ് ഗുരുതരാവസ്ഥയില്‍

തൃശ്ശൂര്‍: വിവാഹവീട്ടില്‍ കയറി ആര്‍.എസ്.എസുകാര്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. കയ്പമംഗലത്തിനടുത്ത് വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്താണ് സംഭവം. റാഫിയെയാണ് (29) ആര്‍എസ്എസ് സംഘം വെട്ടിവീഴ്ത്തിയത്. റാഫിയുടെ സഹോദരന്റെ വിവാഹത്തലേന്ന് രാത്രിയാണ് സംഭവം. നെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റ് ഗുരുതരാവസ്ഥയിലായ റാഫിയെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഫിയുടെ സഹോദരനും ഡി.വൈ.എഫ്.ഐ ഭാരവാഹിയുമായ ഷെഫീഖിന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വിവാഹത്തലേന്ന് രാത്രി സല്‍ക്കാരവും ഗാനമേളയും ഉണ്ടായിരുന്നു. ഇതുകഴിഞ്ഞ ശേഷം വിവാഹത്തിനെത്തിയവരെ യാത്രയയക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് റാഫിക്ക് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരും പരിസരവാസികളുമായ സുമേഷ്, ജിനോജ്, ഉണ്ണികൃഷ്ണന്‍, പ്രശാന്ത്, സജീവ് എന്നിവര്‍ക്കെതിരെ മതിലകം പൊലീസ് കേസെടുത്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.