തിരുവനന്തപുരം: ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സ്വജനപക്ഷപാതത്തിനു തെളിവുണ്ടെന്നും ഗുരുതരമായ ചട്ടലംഘനങ്ങളാണ് ലക്ഷ്മി നടത്തിയിരിക്കുന്നതെന്നും സിന്‍ഡിക്കേറ്റ് ഉപസമിതി. ഭാവി മരുമകള്‍ അനുരാധ നായര്‍ക്ക് ഇല്ലാത്ത ഹാജറും ഇന്റേണല്‍ മാര്‍ക്കും നല്‍കിയെന്നും 50 ശതമാനം പോലും ഹാജരില്ലാതിരുന്നിട്ടും പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. അനുരാധയുടെ പരീക്ഷാ ഫലം റദ്ദു ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ഇഷ്ടപ്പെവിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക് വാരിക്കോരി നല്‍കി. ഇതില്‍ 50 ശതമാനം മാത്രം ഹാജരുള്ള വിദ്യാര്‍ഥിക്ക് 20ല്‍ 19 മാര്‍ക്കാണ് നല്‍കിയത്. മെറിറ്റ് അട്ടിമറിക്കപ്പെടുന്നുവെന്നും കോളജില്‍ ഗുരുതര ചട്ടലംഘനം നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോസ്റ്റലിലെ സിസിടിവി ക്യാമറകള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അസുഖ ബാധിതരായ വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാജറിന്റെ കാര്യത്തിലും കുട്ടികളോടു മേലധികാരികള്‍ ഇടപെടുന്ന കാര്യത്തിലും വീഴ്ചകളുണ്ടായി. ലക്ഷ്മി നായര്‍ കുട്ടികളോട് മോശമായി പെരുമാറുന്നു. സ്ഥാപനത്തെ മോശമാക്കിയത് ലക്ഷ്മി നായരാണ്. വളരെ പാരമ്പര്യമുള്ള കോളജ് ഇന്നത്തെ അവസ്ഥയില്‍ എത്തിയിരിക്കുന്നതിന്റെ ഉത്തരവാദിത്തം പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ക്കാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോളജിനും പ്രിന്‍സിപ്പലിനുമെതിെര നടപടിയെടുക്കണമെന്നാണ് സിന്‍ഡിക്കറ്റ് ഉപസമിതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷമി നായര്‍ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ രണ്ടാഴ്ചയിലേറെയായി സമരം നടത്തുകയാണ്. ഇന്റേണല്‍ മാര്‍ക്ക്, പ്രിന്‍സിപ്പല്‍ നടത്തുന്ന മാനസിക പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംയുക്തസമര സമിതി ഉയര്‍ത്തുന്നത്.