കൗമാര കലോത്സവത്തിന് ഇന്ന് കൊടിയിറക്കം; സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം

കണ്ണൂര്‍: ഏഴുനാള്‍ നീണ്ടു നിന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. കലോല്‍സവം അവസാനത്തോടടുക്കുമ്പോള്‍ 914 പോയിന്റോടെ പാലക്കാടാണ് മുന്നില്‍. 913 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്തും 911 പോയിന്റോടെ കണ്ണൂര്‍ മൂന്നാംസ്ഥാനത്തുമാണ്. പത്തു കിരീടങ്ങള്‍ തുടര്‍ച്ചയായി നേടിയ കോഴിക്കോട് കപ്പ് നിലനിര്‍ത്താനുള്ള  ശ്രമത്തിലാണ്.കേരളത്തിലെ നദികളുടെ പേരിട്ട ഇരുപത് വേദികളിലേക്ക് ജനം ഒഴുകിയെത്തിയിരുന്നു.വിധികര്‍ത്താക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇടക്ക് കയറിവന്ന ഹര്‍ത്താലും ഒഴിച്ചാല്‍ 57ാം സ്കൂള്‍ കലോത്സവം പ്രതീക്ഷ നല്‍കുന്നതാണ്. 232 ഇനങ്ങളില്‍ 214 ഇനങ്ങളും ശനിയാഴ്ച പൂര്‍ത്തിയായി. അപ്പീലുകള്‍ 1286 ലെത്തി റെക്കോര്‍ഡിട്ടതോടെ പല മത്സരങ്ങളും പന്ത്രണ്ട് മണിക്കൂറോളം വൈകിയാണ് ആരംഭിക്കാനായത്.മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിധികര്‍ത്താക്കളെ നിരീക്ഷിക്കാന്‍ വിജിലന്‍സ് സംഘം രംഗത്തിറങ്ങിയതും ഈ കലോല്‍സവത്തിന്റെ പ്രത്യേകതയായിരുന്നു. പ്ലാസ്റ്റിക് രഹിത കലോല്‍സവമെന്ന ആശയം ഇത്തവണ സാക്ഷാത്കരിക്കാനായെന്നതും കണ്ണൂരിന്റെ മാത്രം പ്രത്യേകതയായി. ജനപങ്കാളിത്തത്താലും സംഘാടക മികവിനാലും ശ്രദ്ധേയമായിരുന്നു കണ്ണൂരിലെ കലോല്‍സവം.സമാപനസമ്മേളനം വൈകീട്ട് നാലിന് പൊലീസ് മൈതാനിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്,  രാമചന്ദ്രന്‍ കടന്നപ്പള്ളി, മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എന്നിവര്‍ പങ്കെടുക്കും.

© 2024 Live Kerala News. All Rights Reserved.