ബിജെപി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ല; വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് ബിജെപി നേതാക്കള്‍

തിരുവനന്തപുരം: വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കേന്ദ്രസര്‍ക്കാരിനോട് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ ജീവന് സുരക്ഷയില്ലാത്ത സാഹചര്യത്തില്‍ തങ്ങള്‍ക്കും സുരക്ഷ വേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. ബി.ജെ.പി നേതാക്കളായ കുമ്മനം രാജശേഖരനും പി.കെ കൃഷ്ണദാസുമാണ് വൈ കാറ്റഗറി സുരക്ഷ വേണ്ടെന്ന് കേന്ദ്രത്തെ അറിയിച്ചത്. കേരളത്തിലെ സാധാരണ ബി ജെ പി പ്രവര്‍ത്തകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഇല്ലാത്ത സാഹചര്യത്തില്‍ തനിക്ക് അനുവദിക്കപ്പെട്ട വൈ കാറ്റഗറി സുരക്ഷാ ആവശ്യമില്ലെന്ന് പറഞ്ഞ് പി.കെ കൃഷ്ണദാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കും സുരക്ഷ ആവശ്യമില്ലെന്ന് വ്യക്തമാക്കി കുമ്മനവും രംഗത്തെത്തിയത്. കേരളത്തിലെ സാധാരണക്കാരായ ബി.ജെ.പി പ്രവര്‍ത്തകര്‍ സുരക്ഷിതരല്ലെന്നും അതുകൊണ്ട് തന്നെ അവര്‍ക്കില്ലാത്ത സുരക്ഷിതത്വം തങ്ങള്‍ക്കും ആവശ്യമില്ലെന്നും കുമ്മനം പറയുന്നു.കേരളത്തില്‍ നാലു ബി.ജെ.പി നേതാക്കള്‍ക്കായിരുന്നു കേന്ദ്രം വൈ കാറ്റഗറി സുരക്ഷ അനുവദിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി.രമേശ് എന്നിവര്‍ക്കായിരുന്നു വൈ കാറ്റഗറി സുരക്ഷ നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.