മന്ത്രിസഭാ തീരുമാനങ്ങള്‍ എല്ലാം വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാകില്ലെന്ന് മുഖ്യമന്ത്രി; പുറത്തുവിട്ടാല്‍ നടപ്പാക്കാന്‍ പറ്റാത്ത പദ്ധതികളുമുണ്ട്

തിരുവനന്തപുരം:മന്ത്രിസഭാ തീരുമാനങ്ങള്‍ എല്ലാം വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പുറത്തുവിട്ടാല്‍ നടപ്പാക്കാന്‍ പറ്റാത്ത പദ്ധതികളുമുണ്ട്. അതിനാല്‍ മന്ത്രിസഭാ തീരുമാനങ്ങളില്‍ ചിലത് നടപ്പിലാക്കിയ ശേഷമെ അറിയാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് ഒരു ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിവരാവകാശ നിയമം വ്യക്തിപരമായി ദുരുപയോഗിക്കുന്നവരെ തിരിച്ചറിയണം. അതേസമയം ദുരുപയോഗം മറയാക്കി വിവരം നല്‍കാതിരിക്കുന്ന സ്ഥിതിയും വരരുത്. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ വിവേചനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു ഭരണവ്യവസ്ഥയ്ക്ക് വെല്ലുവിളിയായി അഴിമതി വളര്‍ന്നിരിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പൊതുജീവിതത്തിലെ വിശുദ്ധി നിലനിര്‍ത്തുന്നതാണ് വിവരാവകാശ രേഖയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. അഴിമതിയെ പ്രതിരോധിക്കാന്‍ വിവരാവകാശ സംവിധാനം കൂടുതല്‍ ശക്തമാക്കും,കമ്മീഷനെയും വകുപ്പുകളെയും ബന്ധിപ്പിക്കുന്ന സോഫ്റ്റ് വെയര്‍ ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന പിണറായി സര്‍ക്കാറിന്റെ നിലപാട് നേരത്തെ വിവാദമായിരുന്നു. ഇതിനെതിരെ കേന്ദ്രവിവരാവകാശ കമ്മീഷണര്‍ രംഗത്തുവന്നിരുന്നു. മുഖ്യവിവരാവകാശ കമ്മീഷണറുടെ ഈ നിലപാടിനെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.