ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.ഇതിന്റെ കരട് രൂപം കേന്ദ്രത്തിന് അയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരും ഇതിനുളള പിന്തുണ അറിയിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ജെല്ലിക്കെട്ടിനുളള അനുമതിയുണ്ടാകുമെന്നും പ്രതിഷേധക്കാര്‍ പിന്തിരിഞ്ഞ് പോകണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിരോധനം നീക്കിയതിനുശേഷം മാത്രമേ സമരം പിന്‍വലിക്കാനാകൂവെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. പ്രശ്‌നത്തിന് പരിഹാരം തേടി തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കഴിയില്ലെന്ന് മോദി വ്യക്തമാക്കിയിരുന്നു. സാംസ്‌കാരിക പ്രാധാന്യം ഉള്‍ക്കൊണ്ട്, തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു പിന്തുണ നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോഹത്ഗി നിയമോപദേശം നല്‍കിയിരുന്നു.അതേസമയം, തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ടിന് അനുമതി തേടി ലക്ഷക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയ വിദ്യാര്‍ഥി-യുവജന പ്രക്ഷോഭം അതിശക്തമായി നാലാം ദിനത്തിലേക്കു കടന്നു. പിന്തുണയുമായി വ്യാപാരി, മോട്ടോര്‍ വാഹന, ബസ് തൊഴിലാളി സംഘടനകളും രംഗത്തെത്തിയതോടെ തമിഴകം ഇന്നു നിശ്ചലാവസ്ഥയിലേക്ക് നീങ്ങുകയാണ്.തമിഴ്‌നാട്ടില്‍ ഇന്നു കടകള്‍ അടച്ചിടുമെന്നു വ്യാപാരികളും വാഹനങ്ങള്‍ നിരത്തിലിറക്കില്ലെന്ന് ലോറി, ഓട്ടോ, വാന്‍ സംഘടനകളും വ്യക്തമാക്കി. മരുന്നുകടകളും തുറക്കില്ല. തിയറ്ററുകള്‍ അടച്ചിടും. ചലച്ചിത്ര താരങ്ങള്‍ ഉപവാസ സമരം നടത്തും. സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാനും നിരാഹാരമിരിക്കും. അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിക്കും. സ്വകാര്യ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ല. ചില ജില്ലകളില്‍ പെട്രോള്‍ ബങ്കുകളും അടച്ചിടും. പുതുച്ചേരിയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഇന്നു ബന്ദ്.