ജെല്ലിക്കെട്ട് നിരോധനം; തമിഴ്‌നാട്ടില്‍ വ്യാപക പ്രക്ഷോഭം; മറീന ബീച്ചില്‍ പ്രതിഷേധവുമായി ആയിരങ്ങളെത്തി; കോയമ്പത്തൂരിലും മധുരയിലും പ്രതിഷേധം തുടരുന്നു; പിന്തുണയുമായി സിനിമാ താരങ്ങളും

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തമിഴ്‌നാട്ടില്‍ ശക്തമായി തുടരുന്നു. ചെന്നൈയില്‍ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ആവശ്യവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി. ചെന്നൈയിലെ മറീന ബീച്ചില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളും യുവാക്കളും ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തി. സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസിനും കഴിയുന്നില്ല.ജെല്ലിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച വിഫലമായതിനെ തുടര്‍ന്നാണ് യുവാക്കള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം നേരിട്ട് ഇടപെടാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് പ്രക്ഷോഭകര്‍. ക്ലാസുകള്‍ ഒഴിവാക്കിപ്പോലും വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിന് പോകുന്ന അവസ്ഥയാണ് തമിഴ്‌നാട്ടിലെങ്ങും. തിരുച്ചിറപ്പള്ളി, സേലം, കൃഷ്ണഗിരി, വെല്ലൂര്‍, കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പ്രക്ഷോഭകര്‍ തെരുവിലിറങ്ങി.സുപ്രീം കോടതി ജെല്ലിക്കെട്ടിന് നിരോധനമേര്‍പ്പെടുത്തിയിട്ട് മൂന്നു വര്‍ഷമായെങ്കിലും ഇതിനായി ഇത്രയും ജനകീയവും സംഘടിതവുമായ പ്രക്ഷോഭം നടക്കുന്നത് ഇതാദ്യമാണ്. തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ. സ്റ്റാലിന്‍ സമരക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ രംഗത്തെത്തി. നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സിനിമാതാരങ്ങളും ജല്ലിക്കട്ടിന് അനുകൂലമായ പ്രസ്താവനകളുമായി എത്തിയത് പ്രതിഷേധത്തിന് ഊര്‍ജ്ജം പകര്‍ന്നു. നടി നയന്‍ താര ജല്ലിക്കട്ടിന് വേണ്ടിയുള്ള സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. വിജയ്, സൂര്യ, വിക്രം, ധനുഷ് എന്നിവരും ജല്ലിക്കട്ടിനെ അനുകൂലിച്ച് പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരുന്നു. തമിഴ്ജനതയുടെ പാരമ്പര്യവും അവകാശങ്ങളും എടുത്തുനീക്കാനല്ല സംരക്ഷിക്കാനുള്ളതാണ് നിയമങ്ങളെന്ന് വിജയ് വിഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. ഒരൊറ്റ തമിഴ്ജനതയെന്ന വികാരമാണ് ജെല്ലിക്കെട്ട് നടത്താനുള്ള അനുമതിക്കായുള്ള ഈ സമരത്തില്‍ ജനങ്ങളെ നയിക്കുന്നതെന്നും അല്ലാതെ രാഷ്ട്രീയ സമ്മര്‍ദ്ദമോ മറ്റു നിര്‍ബന്ധങ്ങളോ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസ് അറസ്റ്റ് ചെയ്ത സമരക്കാരെ വിട്ടയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജല്ലിക്കട്ട് നിരോധിക്കുകയാണെങ്കില്‍ ബിരിയാണിയും നിരോധിക്കണ്ടതല്ലേയെന്ന് ചോദിച്ച് ആദ്യം രംഗത്തെത്തിയത് കമലഹാസനായിരുന്നു.

© 2024 Live Kerala News. All Rights Reserved.