ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധനത്തിന്റെ കേസ് സുപ്രീം കോടതി പരിഗണനയിലുള്ളതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വിഷയത്തിലിടപെടുന്നത് ് കോടതിയലക്ഷ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെല്ലിക്കെട്ട് നിരോധിച്ച് നേരത്തേ സുപ്രീകോടതി ഉത്തരവിറക്കിയിട്ടുണ്ട്. വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തെ പ്രധാനമന്ത്രി അറിയിച്ചു.ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ വ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയെ കാണാനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന് സഹായം വാഗ്ദാനം ചെയ്ത നരേന്ദ്ര മോഡി വിഷയത്തിലെ നിയമ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി. കേന്ദ്രസംഘത്തെ വിഷയം പഠിക്കാന്‍ തമിഴ്‌നാട്ടിലേക്ക് അയക്കാമെന്ന് നരേന്ദ്ര മോഡി ഉറപ്പ് നല്‍കി. സുപ്രീംകോടതി നിരോധനത്തിനെതിരെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പന്നീര്‍സെല്‍വം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ജെല്ലിക്കെട്ടിന്റെ സാംസ്‌കാരിക പാരമ്പര്യം അംഗീകരിക്കുന്നുവെന്നും മോദി പറഞ്ഞു.പൊങ്കലിന് മുമ്പായി ജെല്ലിക്കെട്ട് നിരോധനം നീക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെ ഇക്കഴിഞ്ഞ പത്താം തീയതി മുതല്‍ വന്‍പ്രക്ഷോഭമാണ് തമിഴ്‌നാട്ടില്‍ അരങ്ങേറുന്നത്. ചെന്നൈ മറീന ബിച്ചിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ക്‌ളാസുകള്‍ ബഹിഷ്‌കരിച്ച് ആയിരക്കണക്കിന് കോളജ് വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സിനിമാ സംഘടനകളും സമരത്തെ പിന്തുണക്കുന്നുണ്ട്.